എ.ടി.എം മെഷീനിൽ കൃത്രിമം നടത്തി തട്ടിപ്പ്; മൂന്ന് പേര്‍ പൊലീസ് പിടിയില്‍
പണം വരുന്ന ഭാഗത്തെ ക്യാമറ മറച്ച ശേഷമാണ് പണം പിൻവലിക്കുക
പാലക്കാട്: എ.ടി.എം മെഷീനിൽ കൃത്രിമം നടത്തി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ . പാലക്കാട് മണ്ണാർക്കാട് പൊലീസാണ് ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. വളരെ ആസൂത്രണത്തോടെ തട്ടിപ്പ് നടത്തുന്ന സംഘമാണ് പൊലീസ് പിടിയിലായത്. വിവിധ ബാങ്കുകളുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കും. പണം വരുന്ന ഭാഗത്തെ ക്യാമറ മറച്ച ശേഷമാണ് പണം പിൻവലിക്കുക. പണം ലഭിച്ച ഉടൻ ക്യാൻസിൽ ബട്ടൺ അമർത്തും. തുടർന്ന് ബാങ്കിലും, കസ്റ്റമർ കെയറിലും പണം നഷ്ട്ടപെട്ടതായി പരാതി നൽകും. ഒരാഴ്ച്ചക്കകം പണം ബാങ്കുകൾ തന്നെ അക്കൗണ്ടിൽ ഇട്ട് നൽകും. രണ്ടര ലക്ഷം രൂപയാണ് ഈ രീതിയിൽ തട്ടിപ്പ് നടത്തിയത്.
ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശികളായ പ്രമോദ് കുമാർ , സന്ദീപ് , ദിനേഷ് കുമാർ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 38 എ.ടി.എം കാർഡുകളും പിടികൂടി. യു.പിയിലെ സുഹൃത്തുക്കളുടെ എ.ടി.എം കാർഡുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ബാങ്കുകൾ നൽകിയ പരാതിയെ തുടർന്ന് വിവിധ എ.ടി.എം കൗണ്ടറുകളിലെ സി.സി.ടി.വികള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്.