വയനാട് പുനരധിവാസം; ഫണ്ട് ശേഖരണം ലക്ഷ്യം കണ്ടില്ല, കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമർശനം
ബ്ലോക്ക് പുനഃസംഘടന വൈകുന്നതിലും കൊച്ചിയില്‍ നടന്ന യോഗത്തില്‍ വിമർശനമുണ്ടായി
കൊച്ചി: വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് ശേഖരണം ലക്ഷ്യം കാണാത്തതില്‍ കെപിസിസി നേതൃയോഗത്തില്‍ കെ.സുധാകരന്‍റെ രൂക്ഷവിമർശനം. 16 കോടിയെങ്കിലും പിരിച്ചെടുക്കാതെ രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകള്‍ എങ്ങനെ നിർമിക്കുമെന്ന് സുധാകരന്‍ നേതാക്കളോട് ചോദിച്ചു. ബ്ലോക്ക് പുനഃസംഘടന വൈകുന്നതിലും കൊച്ചിയില്‍ നടന്ന യോഗത്തില്‍ വിമർശനമുണ്ടായി.
കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്‍റുമാരും പങ്കെടുത്ത യോഗത്തില്‍ വയനാട് പുനരധിവാസ ഫണ്ട് ശേഖരണം ലക്ഷ്യം കാണാത്തതിലുള്ള ആശങ്ക സുധാകരന്‍ തുറന്നു പറഞ്ഞു. 16 കോടി ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് കേവലം ഒന്നര കോടി മാത്രമാണ് ലഭിച്ചത്.
രാഹുലിന്‍റെ ഒരു മാസത്തെ ശമ്പളവും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച 25 വീടുകളുമല്ലാതെ കാര്യമായ വാഗ്ദാനങ്ങളൊന്നും ലഭിച്ചിട്ടില്ല. 16 കോടിയെങ്കിലും ലഭിക്കാതെ 100 വീടെന്ന രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം പൂർത്തീകരിക്കാനാവില്ല. ഫണ്ട് ശേഖരണത്തിനായി പാർട്ടിയുടെ താഴേ തട്ട് ചലിപ്പിക്കുന്നതില്‍ നേതാക്കള്‍ പരാജയമാണെന്നും സുധാകരന്‍ വിമർശിച്ചു. മുസ്‍ലിം ലീഗ് 30 കോടി ശേഖരിച്ച കാര്യം ആരും മറന്നു പോകരുതെന്നും സുധാകരന്‍ പറഞ്ഞു.
ഫണ്ട് ശേഖരണം ആരും ഗൗരവമായി കാണാത്ത പ്രശ്നമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ പുനഃസംഘടന 75 ശതമാനത്തോളം മാത്രമേ പൂർത്തിയിട്ടുള്ളൂവെന്ന് യോഗം വിലയിരുത്തി. ഒക്ടോബർ 15നകം ഇത് പൂർത്തീകരിക്കാന്‍ ഡിസിസി പ്രസിഡന്‍റുമാർക്ക് നിർദേശം നല്‍കി.