പരസ്യശാസന സിപിഎം സമ്മേളനങ്ങളില്‍ ചർച്ചയാക്കാന്‍ സുധാകര പക്ഷത്തിന്‍റെ നീക്കം
നടപടി ചലനമുണ്ടാക്കില്ലെന്ന് എതിർചേരി വിലയിരുത്തുമ്പോൾ വിഷയം ചർച്ചയാക്കാനാണ് സുധാകര പക്ഷത്തിന്‍റെ തീരുമാനം
ജി സുധാകരനെതിരായ നടപടി പാർട്ടി സമ്മേളനങ്ങളിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നടപടി ചലനമുണ്ടാക്കില്ലെന്ന് എതിർചേരി വിലയിരുത്തുമ്പോൾ വിഷയം ചർച്ചയാക്കാനാണ് സുധാകര പക്ഷത്തിന്‍റെ തീരുമാനം. നടപടിക്ക് പിന്നാലെ നവമാധ്യമങ്ങളിൽ പോര് രൂക്ഷമാണ്.
അമ്പലപ്പുഴയിൽ ഉയർന്ന പരാതിയിലെ നടപടി പാർട്ടിക്കുള്ളിൽ ഒതുങ്ങുമെന്നായിരുന്നു ജി സുധാകര പക്ഷത്തിന്‍റെ വിലയിരുത്തൽ. ആലപ്പുഴയെക്കാൾ അമ്പലപ്പുഴ മണ്ഡലത്തിൽ ഉണ്ടായ നേട്ടം അനുകൂലമാകുമെന്നും പ്രതീക്ഷിച്ചിരുന്നു. ഈ കണക്ക് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധം. ഇത് കണക്കിലെടുത്ത് പാർട്ടി സമ്മേളനങ്ങളിൽ ജി സുധാകരൻ സജീവമാവുകയും ചെയ്തു.
എന്നാൽ നടപടി പരസ്യ ശാസനയിലേക്കെത്തിയത് ജി സുധാകരനും അനുകൂലികൾക്കും തിരിച്ചടിയായി. വരുന്ന പാർട്ടി സമ്മേളനങ്ങളിൽ ഇത് എങ്ങനെ പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയം. ജില്ലാ നേതൃത്വത്തില്‍ ഭൂരിഭാഗവും സുധാകര വിരുദ്ധ ചേരിയിലാണ്. താഴെതട്ടിലെ പാർട്ടി ജി സുധാകരന് അനുകൂലമോ പ്രതികൂലമോ എന്നാണ് അറിയേണ്ടത്. മുതിർന്ന നേതാക്കളെ ഒപ്പംകൂട്ടി വീണ്ടും ഒരങ്കത്തിന് അദ്ദേഹം ഇറങ്ങുമോയെന്ന് പുതിയചേരി ഉറ്റുനോക്കുന്നുണ്ട്. അങ്ങനെയെങ്കിൽ വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമ്മേളനകാലം കൂടുതൽ കലുഷിതമാകും. അതേസമയം നടപടിക്ക് പിന്നാലെ ജി സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളിൽ പോര് രൂക്ഷമാവുകയാണ്.