നവജാത ശിശുവിന്‍റെ വൈകല്യം; ഡോക്ടർമാർക്ക് സംരക്ഷണ കവചമൊരുക്കി അന്വേഷണ റിപ്പോർട്ട്
ഡോക്ടർമാർക്ക് ചികിത്സാപ്പിഴവില്ലെന്ന് അഡീഷണൽ ഡയറക്ടർ മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു
ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിന്‍റെ അസാധാരണ വൈകല്യത്തിൽ വനിതാ- ശിശു ആശുപത്രിയിലെ ഡോക്ടർമാർക്ക് സംരക്ഷണ കവചം ഒരുക്കി അന്വേഷണ റിപ്പോർട്ട്. ഡോക്ടർമാർക്ക് ചികിത്സാപ്പിഴവില്ലെന്ന് അഡീഷണൽ ഡയറക്ടർ മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആശയവിനിമയത്തിൽ വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടി താക്കീതിൽ ഒതുക്കിയാൽ മതിയെന്നാണ് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സംഘത്തിന്‍റെ ശിപാർശ. ഏകപക്ഷീയമായ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു. സർക്കാർ ആശുപത്രികളിൽ സ്കാനിങ്ങിന് വിദഗ്ധരായ ഡോക്ടർമാർ ഇല്ലെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.
കുറ്റമെല്ലാം ലാബുകളുടെ തലയിൽ കെട്ടിവയ്ക്കുന്നതാണ് റിപ്പോർട്ട്. ഡോക്ടർമാർക്ക് ആകെ സംഭവിച്ചത് ആശയവിനിമയത്തിനുള്ള അപാകത മാത്രം. കുട്ടിയുടെ വൈകല്യം തിരിച്ചറിയാൻ സ്കാനിങ്ങില്‍ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ വൈകല്യങ്ങൾ മാത്രമേ സ്കാനിങ്ങില്‍ കണ്ടെത്താനാകൂ. കൃത്യമായ ചികിത്സ ഡോക്ടർമാർ നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗർഭാവസ്ഥയിലുള്ള യുവതിയുമായി കുഞ്ഞിന്‍റെ ആരോഗ്യനിലയെ കുറിച്ച് കൃത്യമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് എടുത്തു പറയുന്ന റിപ്പോർട്ട് എല്ലാം താക്കീതിൽ ഒതുക്കാനും ശിപാർശ ചെയ്യുന്നു. ഇതോടെ ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് ഉറപ്പായി.
ഡോക്ടർമാർക്ക് വീഴ്ചയില്ലെന്ന് കെജിഎംഒഎയും നിലപാടെടുത്തു. സർക്കാർ ആശുപത്രികളിൽ സ്കാനിങ്ങിന് വിദഗ്ധരായ ഡോക്ടർമാരില്ല. റേഡിയോ ഡയഗ്നോസീസ് സ്പെഷലിസ്റ്റ് ഡോക്ടർമാർ വേണമെന്ന ആവശ്യവും കെജിഎംഒഎ മുന്നോട്ടുവെക്കുന്നു. ആധികാരികമായി സ്കാനിങ് നടത്തേണ്ടതും വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കേണ്ടതും വിദഗ്ധരാണെന്ന് കെജിഎംഒഎ വ്യക്തമാക്കി. റിപ്പോർട്ട് തള്ളി കുടുംബവും ഡോക്ടർമാർക്ക് സംരക്ഷണം ഒരുക്കി സംഘടനയും രംഗത്ത് വന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി നിർണായകം.