സാമൂഹിക-ജാതി സെൻസസ് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
'വംശീയ ജനാധിപത്യത്തിനെതിരെ സാമൂഹ്യ നീതിയുടെ കാവലാളാവുക'; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാമ്പയിന് തുടക്കം
എറണാകുളം: അംബേദ്കർ വിഭാവന ചെയ്ത സാമൂഹിക നീതി പുലരുക അധികാരത്തിന്റെ മുഴുവൻ മേഖലകളിലും എല്ലാ ജനവിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം ഉണ്ടാകുമ്പോഴാണെന്നും അതിന്റെ പ്രാഥമിക നടപടിയെന്നോണം സാമൂഹിക ജാതി സെൻസസ് നടത്തി പുറത്ത് വിടാൻ സർക്കാർ തയ്യാറാകണമെന്നും ഫ്രറ്റേണിറ്റ് മൂവ്‌മെൻറ് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷെഫ്റിൻ. ഡോ.ബി.ആർ അംബേദ്കറിന്റെ 132-ാം ജന്മദിനത്തിൽ 'വംശീയ ജനാധിപത്യത്തിനെതിരെ സാമൂഹ്യ നീതിയുടെ കാവലാളാവുക' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരളത്തിലുടനീളം നടത്തുന്ന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് എറണാകുളം ജില്ലയിലെ ഏലൂർ ബോസ്‌കോ യൂണിറ്റ് സംഘടിപ്പിച്ച വിദ്യാർത്ഥി - യുവജന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പയിന്റെ ഭാഗമായി മുഴുവൻ ജില്ലകളിലും മണ്ഡലം - യൂണിറ്റ് തലങ്ങളിലും പ്രഭാഷണങ്ങൾ, വിദ്യാർത്ഥി-യുവജന സംഗമങ്ങൾ, പുസ്തക ചർച്ച, കാമ്പസ് വിദ്യാർത്ഥികൾക്കുള്ള പ്രബന്ധ രചന മത്സരം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥി യുവജന സംഗമത്തിൽ ദലിത് ആക്ടിവിസ്റ്റ് ഷൺമുഖൻ എടിയതേരിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് സദഖത്ത് കെ.എച്ച്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എണാകുളം ജില്ല പ്രസിഡന്റ് ഷിറിൻ സിയാദ്, ബോസ്‌കോ യൂണിറ്റ് പ്രസിഡന്റ് ടി. സരിത തുടങ്ങിയവർ സംസാരിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അധ്യക്ഷത വഹിച്ചു.