മുസ്‌ലിം സമുദായത്തെ തകർക്കാൻ എ.കെ.ജി സെന്ററിൽ സെൽ പ്രവർത്തിക്കുന്നു: മുസ്‌ലിം ലീഗ്

'പി.എസ്.സി വഴി വഖഫ് ബോർഡിലേക്ക് മുസ്ലിംകളെ മാത്രം തെരഞ്ഞെടുക്കുക എന്നത് നിയമപരമായി നിലനിൽക്കുന്ന കാര്യമല്ല'

Update: 2021-11-13 06:47 GMT
Editor : André | By : Web Desk

പി.എം.എ സലാം മാധ്യമങ്ങളെ കാണുന്നു

Advertising

മുസ്‍ലിം സമുദായത്തെ തകർക്കാൻ എ.കെ.ജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നു എന്നാണ് മനസ്സിലാകുന്നതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. വഖഫ് സ്ഥാപനങ്ങളിലേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് പി.എസ്.സിക്കു വിട്ടുകൊണ്ടുള്ള സർക്കാർ തീരുമാനം വർഗീയ നീക്കമാണെന്നും, ബോർഡിലേക്ക് പി.എസ്.സി വഴി മുസ്‍ലിംകളെ മാത്രം തെരഞ്ഞെടുക്കുക എന്നത് നിയമപരമായി നിലനിൽക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‍ലിം സമുദായത്തോടു മാത്രം സർക്കാർ വിവേചനം കാണിക്കുകയാണെന്നും വഖഫ് സ്ഥാപനങ്ങളുടെ നിയന്ത്രണം മുസ്‍ലിംകൾക്ക് നഷ്ടപ്പെടാൻ കാരണമാകുന്ന നീക്കമാണ് സർക്കാർ ധൃതിപ്പെട്ട് നടത്തിയത്. ഇക്കാര്യം ചർച്ചചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ നവംബർ 20-ന് കോഴിക്കോട്ട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മതസംഘടനകളെ ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായും സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പതിനായിരത്തിലേറെ തൊഴിലവസരങ്ങളുള്ള ദേവസ്വം ബോർഡ് എന്തുകൊണ്ടാണ് പി.എസ്.സിക്ക് വിടാത്തത്? ദേവസ്വത്തിന് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡാണുള്ളത്. അതുപോലെ വഖഫ് ബോർഡിനും ഉണ്ടാക്കിക്കൂടേ? വഖഫിന് റിക്രൂട്ട്‌മെന്റ് ബോർഡ് വേണമെന്ന നിലപാടാണ് മുസ്‍ലിം ലീഗും സഖ്യകക്ഷിയായ കോൺഗ്രസും നിയമസഭയിൽ സ്വീകരിച്ചിട്ടുള്ളത്. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതോടെ വഖഫ് ബോർഡിനു കീഴിലുള്ള പള്ളികളും മദ്രസകളും കൈകാര്യം ചെയ്യാൻ വഖഫിനെ പറ്റി അറിയാത്ത, മുസ്‍ലിംകൾ അല്ലാത്തവർ നിയമിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. - പി.എം.എ സലാം പറഞ്ഞു.

പി.എസ്.സി വഴി വഖഫ് ബോർഡിലേക്ക് മുസ്‍ലിംകളെ മാത്രം തെരഞ്ഞെടുക്കാനുള്ള ഒരു വകുപ്പ് സർക്കാർ ചേർത്തിട്ടുണ്ട്. അത് ഒരു ഗൂഢാലോചനയാണ്. സ്‌കോളർഷിപ്പ് വിഷയത്തിൽ സംഭവിച്ച അതേ ഗൂഢാലോചനയാണ് ഇവിടെയും. മുസ്‍ലിംകളോട് എങ്ങനെ വിവേചനപരമായി പെരുമാറാമെന്നും അവരെ എങ്ങനെ തകർക്കാമെന്നും എ.കെ.ജി സെന്ററിൽ ഒരു സെൽ പ്രവർത്തിക്കുന്നു എന്നാണ് ഞങ്ങൾക്ക് മനസ്സിലാകുന്നത്.

പി.എസ്.സി വഴി മുസ്‍ലിംകളെ മാത്രം തെരഞ്ഞെടുക്കുക എന്നത് ഭരണഘടനാപരമായി നിലനിൽക്കുന്ന കാര്യമല്ല. ഭരണഘടനയുടെ 320-ാം വകുപ്പ് പ്രകാരം നിലവിൽവന്ന നിയമന ബോർഡാണ് പി.എസ്.സി. ഏതെങ്കിലുമൊരു മതത്തിനോ ജാതിക്കോ വർഗത്തിനോ വിഭാഗത്തിനോ ജോലികൾ സംവരണം ചെയ്യാൻ പി.എസ്.സിക്ക് കഴിയില്ല. ദേവസ്വം ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നകാര്യം ഒഴിവാക്കിയത് ഇക്കാരണം കൊണ്ടാണ്.

സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം മുസ്‍ലിംകൾക്കു മാത്രം അവകാശപ്പെട്ട ആനുകൂല്യങ്ങൾ ഈ സർക്കാർ മൊത്തം ന്യൂനപക്ഷങ്ങൾക്കുമാക്കി മാറ്റി. 80:20 വിഭജനത്തിൽ 20 ശതമാനം സമുഹത്തിന്റെ താഴേത്തട്ടിൽ നിൽക്കുന്ന അവശ ക്രിസ്ത്യാനികൾക്കും പരിവർത്തിത ക്രിസ്ത്യാനികൾക്കുമല്ലേ നൽകുന്നത് എന്നു മനസ്സിലാക്കി ഞങ്ങൾ അതൊരു വിഷയമാക്കിയില്ല. പിന്നീട് കോടതിയിൽ പോയപ്പോൾ സ്‌കോളർഷിപ്പ് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതികമായി വിഭജിക്കണം എന്ന ഉത്തരവ് വന്നു. വളരെ പെട്ടെന്നു തന്നെ സർക്കാർ അത് നടപ്പിലാക്കി. ഇപ്പോൾ വിധി നടപ്പിലാക്കി എല്ലാം കഴിഞ്ഞ ശേഷം സുപ്രീം കോടതിയിൽ അപ്പീൽ പോയിട്ടുണ്ട്. അതുകൊണ്ട് എന്താണ് കാര്യം? വിധി നടപ്പാക്കുന്നതിനു മുമ്പുതന്നെ അപ്പീൽ പോകണമായിരുന്നു.

മുസ്‍ലിംകളോട് ഈ സർക്കാറിന് എന്താണിത്ര വിരോധം? സംഘ്പരിവാർ പോലും കാണിക്കാത്ത ക്രൂരത ഇടതുപക്ഷം അധികാരത്തിലേറിയതു മുതൽ നടപ്പാക്കുകയാണ്. എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരായ കേസ് പിൻവലിക്കുമെന്ന് പറഞ്ഞിട്ട് ആറു മാസമായി. രാജ്യത്തെ മറ്റെല്ലാ വിഭാഗങ്ങളെയും പോലെ അവകാശങ്ങളുള്ള മുസ്‍ലിം സമുദായത്തോട് മാത്രം ഇടതുപക്ഷം എന്തുകൊണ്ടാണ് ഇങ്ങനെ വിവേചനപരമായി പെരുമാറുന്നത്. - പി.എം.എ സലാം പറഞ്ഞു.

വഖഫിലുള്ള സർക്കാർ തീരുമാനത്തിനെതിരെ എല്ലാ മുസ്‍ലിം സംഘടനകളും പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. സർക്കാർ തീരുമാനത്തിൽ പ്രതിഷേധമുള്ള സംഘടനകളുടെ യോഗം കോഴിക്കോട്ട് വിളിച്ചിട്ടുണ്ട്. മുസ്‍ലിം നേതൃസമിതിയുടെ അധ്യക്ഷനായ സാദിഖലി തങ്ങളുടെ നേതൃത്വത്തിലാകും ഈ യോഗം. സമാനമനസ്‌കരായ എല്ലാ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായും സലാം പറഞ്ഞു.

സമ്മറി: Muslim League leader PMA Salam accuses LDF government's movements to make recruitments to Waqf board through PSC is a anti Muslim decision

Full View
Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News