'കൊല നടന്നത് വീട്ടുമുറ്റത്ത്, കാലിന്‍റെ ഒരു ഭാഗം കിട്ടിയത് മറ്റൊരു സ്ഥലത്തുനിന്ന്': ഹരിദാസിന്‍റെ സഹോദരന്‍
'ഭാര്യയും അമ്മയും മകളും വീട്ടിലുണ്ടായിരുന്നു. ഹരിദാസിന് വെള്ളം കൊടുത്തു. ഉടനെ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി"
തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ വീട്ടുമുറ്റത്തിട്ടാണ് കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് ഓടിവന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടെന്ന് സഹോദരന്‍ സുരേന്ദ്രന്‍ പറഞ്ഞു.
"ഞാന്‍ വീടിന്‍റെ മുകളിലത്തെ നിലയിലായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതാണ്. പുറത്തുവന്നപ്പോള്‍ നാലഞ്ചു പേരെ കണ്ടു. വാതില്‍ തുറന്നപ്പോഴേക്കും അവര്‍ പോയി. എന്നെക്കൂടാതെ ഭാര്യയും അമ്മയും മകളുമെല്ലാം വീട്ടിലുണ്ടായിരുന്നു. ഹരിദാസിന് വെള്ളം കൊടുത്തു. ഉടനെ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. കാലില്‍ മൂന്നു നാല് വെട്ടുണ്ടായിരുന്നു. കാലിന്‍റെ ഭാഗം കാണാത്തത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന തിരക്കിനിടെ ശ്രദ്ധിച്ചില്ല. ആശുപത്രിയിലെത്തിയപ്പോഴാണ് അറിഞ്ഞത്. പൊലീസെത്തിയാണ് കാലിന്‍റെ ഒരു ഭാഗം കണ്ടെത്തിയത്.
പണിക്കു പോയെന്ന് ആരെങ്കിലും വിവരം കൊടുത്തിട്ടുണ്ടാവും. അങ്ങനെ ഇവിടെ ഒളിച്ചുനിന്നതാവും അക്രമികള്‍. പണിക്കുപോയാല്‍ രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെയാണ് വരാറ്"- സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സി.പി.എം- ബി.ജെ.പി സംഘര്‍ഷത്തിനിടെ സുരേന്ദ്രന് പരിക്കേറ്റിരുന്നു. പൊലീസെത്തി അന്നത്തെ തര്‍ക്കം പരിഹരിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും. പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാവിലെ ഹരിദാസിനെ കൊലപ്പെടുത്തുന്നത് കണ്ട സാക്ഷികളുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഹരിദാസിനൊപ്പം വെട്ടേറ്റ സഹോദരന്റെ മൊഴി കണ്ണൂർ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിയാണ് എടുത്തത്. അടുത്ത ബന്ധുക്കളുടെയും മൊഴിയെടുത്തു.