കളമ​ശ്ശേരി സ്ഫോടനത്തിന്റെ മറവിൽ വിദ്വേഷ പ്രചാരണം: പ്രതീഷ് വിശ്വനാഥ്, ഷാജൻ സ്കറിയ അടക്കം 63 പേർക്കെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി

നിയമസഭയിലെ​ ചോദ്യോത്തരവേളയിലാണ്​ കേസെടുത്തവരുടെ പൂർണവിവരങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കിയത്

Update: 2024-01-29 14:01 GMT

കളമശ്ശേരി സ്​​ഫോടനത്തിൽ അറസ്റ്റിലായ ഡൊമിനിക് മാർട്ടിൻ

Advertising

രാജ്യത്തെ ഞെട്ടിച്ച കളമ​ശ്ശേരി കൺവെൻഷൻ സെന്ററി​ലെ ബോംബ് ​സ്ഫോടനത്തിന്റെ മറവിൽ വർഗീയ- വിദ്വേഷ-വ്യാജ പ്രചാരണങ്ങൾ നടത്തിയതിന് സംസ്ഥാനത്ത് 63 പേർക്കെതിരെ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി രാജീവ് ച​ന്ദ്രശേഖർ, പ്രതീഷ് വിശ്വനാഥ്, സന്ദീപ് വാര്യർ, അനിൽ നമ്പ്യാർ, ഷാജൻ സ്കറിയ, സ​ു​ജയ പാർവതി, മറുനാടൻ മലയാളി, കർമന്യൂസ്, റിപ്പോർട്ടർ ചാനൽ എന്നിവരുൾപ്പടെ പ്രതികളായ 53 കേസുകളാണ് എടുത്തിരിക്കുന്നത്. നിയമസഭയിലെ​ ചോദ്യോത്തരവേളയിലാണ് കേന്ദ്രമന്ത്രിയടക്കമുള്ളവർക്കെതിരെ കേസെടുത്തതിന്റെ പൂർണ വിവരങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കിയത്.

2023 ഒക്ടോബർ 29 നാണ് കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ സമ്മേളന​നഗരിയിൽ ഡൊമിനിക് മാർട്ടിൻ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ബോംബ് സ്​ഫോടനം നടത്തിയത്.സ്ഫോടനത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

സ്ഫോടനം ഉണ്ടായതിന് പിന്നാലെ മതവി​ദ്വേഷം വളർത്തുന്ന രീതിയിലും സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലും ബോധപൂർവം വ്യാജപ്രചാരണങ്ങൾ നടത്തിയതിനാണ് മുഴുവൻ കേസുകളുമെടു​ത്തതെന്ന് മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി. രാജ്യത്തിന് മാതൃകയായി മതനിരപേക്ഷത നിലനിൽക്കുന്ന സംസ്ഥാനത്ത് വിദ്വേഷ- വ്യാജപ്രചാരണങ്ങൾ നടത്തി കലുഷിതമാക്കാനുള്ള പ്രവണതകളെ സർക്കാർ വളരെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രി രാജീവ് ച​ന്ദ്രശേഖർ, പ്രതീഷ് വിശ്വനാഥ്, അനിൽ നമ്പ്യാർ, ഷാജൻ സ്കറിയ,സന്ദീപ് വാര്യർ,സുജയ പാർവതി, ലസിത പാലക്കൽ, റിപ്പോർട്ടർ ചാനൽ,കർമ ന്യൂസ്, മറുനാടൻ മലയാളി, ജനം ടി.വിയുടെ റിപ്പോർട്ടർ തുടങ്ങിയവരാണ് മതവിദ്വേഷ കേസുകളിലെ പ്രതികളിൽ പ്രമുഖർ.

റിവ റ്റി ഫിലിപ്പ്, ആർ ശ്രീരാജ്,സിൻഹ, മേജർ സുരേന്ദ്ര, പ്രദീപ് ബാന്ദ്ര, റോഹൻ ദുഅ,സെബി സെബാസ്റ്റ്യൻ, ശിവഹരി പണിക്കർ, ബൈജു വി.കെ,റോഹൻ, ബാല, സുനീർ ഖാൻ, അബ്ദുല്ല കോയ, നസീർ, ഷംസുദ്ദീൻ, സഈദ്, മുഹമ്മദ് മുസ്തഫ, ജബ്ബാർ, സുന്ദരൻ, മുബാറക്, ജമാൽ മുഹ്സിൻ, അത്വീഖ് അഹമ്മദ്, അബ്ദുൽ ജലീൽ, മഹനീഷ്, ഷബീർ അലി, ഷിഹാബ്, സലാഹുദ്ദീൻ, ഹാരിസ്, ഹമീദ്, അനീസ്, രജാസ്, അസ്‍ലഹ്, hind poliucatist, Squint Neon the squint, മീഡിയ സെവൻ, kreately എന്നിവർക്കുമെതിരെ   ​കേസ് എടുത്തിട്ടുണ്ട്.

 

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണത്തിന് ഉപയോഗിച്ച 69 സോഷ്യൽമീഡിയ ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കിയിട്ടുണ്ട്. വിദ്വേ​ഷ- വ്യാജ പ്രചരണങ്ങൾ തടയുന്നതിന് നടപടി സ്വീകരിക്കുന്നതിനായി ജില്ലാ പോലീസ് മേധാവികളെ നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്തിയതായും സാമൂഹ്യമാധ്യമങ്ങൾ മോണിറ്റർ ചെയ്ത് നടപടി സ്വീകരിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News