അനിതയെ വിടാതെ സർക്കാർ; കോഴിക്കോട് നിന്ന് മാറ്റാനുള്ള നീക്കവുമായി ആരോഗ്യവകുപ്പ്
ഹൈക്കോടതിയില്‍ സർക്കാർ വാദഗതികളെ ചോദ്യംചെയ്യുമെന്ന് അനിത.
കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ ഇരയോടൊപ്പം നിന്ന സീനിയര്‍ നഴ്സ് പി.ബി അനിതക്കെതിരായ നീക്കം അവസാനിക്കില്ല. പുനഃപരിശോധ ഹരജിയിലൂടെ അനിതയെ കോഴിക്കോട് നിന്ന് മാറ്റാനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. നീതിക്കായി നിയമപോരാട്ടം തുടരുമെന്ന് പി.ബി അനിത പറഞ്ഞു. അനിത ഇന്ന് ജോലിയില്‍ പ്രവേശിച്ചേക്കും.
വലിയ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ഇടപെടലിനും ശേഷമാണ് ഇടുക്കിയിലേക്ക് സ്ഥലംമാറ്റപ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീനിയർ നഴ്സിങ് ഓഫീസർ പി.ബി അനിതയെ കോഴിക്കോടു തന്നെ ആരോഗ്യവകുപ്പ് നിയമിച്ചത്. ഇന്നലെ നിയമന ഉത്തരവ് വന്നു. ഇന്നു തന്നെ ജോലിയില്‍ പ്രവേശിക്കാനാകുമെന്നാണ് അനിതയുടെ പ്രതീക്ഷ. എന്നാൽ, അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിയമിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ആരോഗ്യവകുപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. പതിനെട്ടോളം നഴ്സുമാർ കോഴിക്കോടേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവരില്‍ പലർക്കും അനിതയെക്കാള്‍ സ്ഥലംമാറ്റത്തിന് അർഹതയുണ്ടെന്നുമാണ് ആരോഗ്യവകുപ്പിന്റെ വാദം.
അതിജീവതയെ വാർഡില്‍ സൂക്ഷിച്ചതിൽ ഏകോപനക്കുറവുണ്ടായി എന്നതാണ് അനിതയുടെ വീഴ്ചയായി ആരോഗ്യമന്ത്രി ആവർത്തിക്കുന്നത്. എന്നാല്‍ ഇക്കാര്യം പുനഃപരിശോധനാ ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. സാങ്കേതികവാദങ്ങൾ ഉന്നയിച്ച് അനിതയെ മാറ്റാനുള്ള നീക്കം അനിതയുടെ സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന വിമർശത്തെയാണ് സ്ഥിരീകരിക്കുന്നതാണ്. ഹൈക്കോടതിയില്‍ സർക്കാർ വാദഗതികളെ ചോദ്യംചെയ്യുമെന്ന് അനിത വ്യക്തമാക്കി.
മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തതാണ് അനിതക്കെതിരെ നീങ്ങാന്‍ മെഡിക്കല്‍ കോളജ് അധികൃതരെ പ്രേരിപ്പിച്ചത്. പീഡനക്കേസ് പ്രതി ശശീന്ദ്രന്‍ അംഗമായ ഭരണാനുകൂല സംഘടനയുടെ സമ്മർദമാണ് ആരോഗ്യവകുപ്പിന്റെ നടപടികള്‍ക്ക് പിന്നിലെന്നാണ് വിമർശനം.