'പരാതികൾക്ക് ഹൈക്കമാൻഡ് മറുപടി നൽകണം'; പുനഃസംഘടനയിൽ നിലപാട് കടുപ്പിച്ച് എ ഗ്രൂപ്പ്
ഗ്രൂപ്പിൻ്റെ പ്രതിഷേധത്തിൻ്റെ ആഴം അറിയിക്കാനാണ് മുതിർന്ന നേതാക്കളായ എം.എം ഹസനും ബെന്നി ബഹനാൻ എം.പിയും തന്നെ പരസ്യ പ്രതികരണവുമായെത്തിയത്
തിരുവനന്തപുരം: ബ്ലോക്ക് അധ്യക്ഷൻമാരെ പ്രഖ്യാപിച്ചപ്പോൾ അർഹമായ പ്രാതിനിധ്യം കിട്ടാത്തതിനെ തുടർന്ന് ഇടഞ്ഞ എ ഗ്രൂപ്പ്, ഹൈക്കമാൻഡ് ഇടപെടലിനായി നീക്കം ശക്തമാക്കി. ഹൈക്കമാൻഡ് ഇടപെട്ട് ഉണ്ടാക്കിയ ധാരണകൾ കെ.പി.സി.സി നേതൃത്വം അട്ടിമറിച്ചുവെന്ന് സ്ഥാപിക്കാനായി തെളിവുകൾ നിരത്താനാണ് എ ഗ്രൂപ്പ് തീരുമാനം. മാത്രമല്ല തങ്ങളുടെ പക്ഷത്തുള്ള പലരെയും അടർത്തി മാറ്റാൻ പുനഃസംഘടനയുടെ മറവിലൂടെ വി.ഡി സതീശൻ ശ്രമിക്കുന്നുവെന്ന വികാരവും എ ഗ്രൂപ്പ് നേതൃത്വത്തിനുണ്ട്.
ഗ്രൂപ്പിൻ്റെ പ്രതിഷേധത്തിൻ്റെ ആഴം അറിയിക്കാനാണ് മുതിർന്ന നേതാക്കളായ എം.എം ഹസനും ബെന്നി ബഹനാൻ എം.പിയും തന്നെ പരസ്യ പ്രതികരണവുമായെത്തിയത്. ഇതിലൂടെ രണ്ട് തരത്തിലുള്ള സന്ദേശമാണ് എ ഗ്രൂപ്പ് നൽകുന്നത്. ഒന്ന് തങ്ങളുടെ പരാതി ഹൈക്കമാൻഡ് ഇടപെട്ട് പരിഹരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നതാണ് . അതിനാലാണ് പരാതിയിൽ ഹൈക്കമാൻഡിൻ്റെ മറുപടി കാക്കുന്നതായി തുറന്ന് പറഞ്ഞത്.
മറ്റൊന്ന് വെട്ടിയൊതുക്കാൻ തീരുമാനിച്ചാൽ അതിന് നിന്ന് കൊടുക്കില്ലെന്ന് പാളയത്തിലുള്ളവരെ കൂടി ബോധ്യപ്പെടുത്തലാണ്. സ്ഥാനമാനങ്ങൾ നൽകി എ ഗ്രൂപ്പിലുള്ളവരെ അടർത്തിയെടുക്കാൻ ശ്രമിച്ചാൽ പഴയ ഗ്രൂപ്പ് ശക്തമാക്കുമെന്ന തുറന്ന് പറച്ചിൽ പ്രതിപക്ഷ നേതാവിനുള്ള മുന്നറിയിപ്പാണ്. ഗ്രൂപ്പുകൾ ഇടഞിട്ടും ബ്ലോക്ക് അധ്യക്ഷൻമാരുടെ പ്രഖ്യാപനം പൂർത്തിയാക്കിയ നേതൃത്വത്തിന് എ ഗ്രൂപ്പിൻ്റെ കലാപ കൊടി കണ്ടില്ലെന്ന് നടിച്ച് പുനഃസംഘടനയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനും കഴിയില്ല. എം.എൽ.എമാർ, എം.പിമാർ, കെ.പി.സി.സി ഭാരവാഹികൾ തുടങ്ങിയവരെ കൊണ്ട് സ്വന്തം ബ്ലോക്കുകളിലടക്കം തങ്ങളുടെ നിർദേശം പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് സ്ഥാപിക്കാനാണ് എ ഗ്രൂപ്പിൻ്റെ ശ്രമം .ഇതിലൂടെ നേതൃത്വത്തെ പ്രതികൂട്ടിലാക്കാൻ കഴിയുമെന്നാണ് എ ഗ്രൂപ്പിൻ്റെ കണക്ക് കൂട്ടൽ.