ജനാധിപത്യ വ്യവസ്ഥക്ക് ഏറ്റവും അപകടകരം ഹിന്ദുത്വ വർഗീയത; ഐസിസിലേക്ക് കേരളത്തിൽ നിന്ന് ഇപ്പോൾ റിക്രൂട്ട്മെൻ്റ് നടക്കുന്നതായി പറഞ്ഞിട്ടില്ല - പി. ജയരാജൻ

മുമ്പ് വിരലിൽ എണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തു എന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പി. ജയരാജൻ

Update: 2024-09-18 16:01 GMT
Advertising

കണ്ണൂർ: വിവാദ ഐസിസ് റിക്രൂട്ട്മെന്റ് പ്രസ്താവനയിൽ വിശദീകര‌ണവുമായി പി. ജയരാജൻ രം​ഗത്ത്. കേരളത്തിൽ ഐസിസ് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടന്ന് പറഞ്ഞിട്ടില്ലെന്നാണ് ജയരാജന്റെ വാദം. ഐസിലേക്ക് മുമ്പ് ചിലരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞതെന്നും അതിൽ ഉറച്ചു നിൽക്കുന്നുണ്ടെന്നും ജയരാജൻ വിശദീകരിച്ചു. അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുവെന്നാണ് പി ജയരാജന്റെ വിശദീകരണം.

രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം എക്കാലത്തും അകറ്റിനിർത്തിയിട്ടുണ്ടെന്നും ഹിന്ദുത്വ വർഗീയത തന്നെയാണ് രാജ്യത്ത് ഏറ്റവും അപകടകരമെന്നും ജയരാജൻ പറഞ്ഞു. തന്റെ പുസ്തകത്തെകുറിച്ച് ധാരണയില്ലാത്തതിനാലാണ് ദീപിക മുഖപ്രസം​ഗമെഴുതിയതെന്നും കാസയുടെ വാദങ്ങൾ ദീപിക ഏറ്റുപിടിക്കരുതെന്നും ജയരാജൻ വിമർശിച്ചു. ഇസ്‌ലാമിക തീവ്രവാദത്തിൻറെ മുഖംമൂടി മാറ്റാൻ ജയരാജനെപ്പോലെ ആരെങ്കിലുമൊക്കെ വരുന്നതാണ് പ്രതീക്ഷയെന്നായിരുന്നു കത്തോലിക്കാ സഭ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം.

പി. ജയരാജൻറെ വാദത്തെ തള്ളി ഇ. പി. ജയരാജൻ രം​ഗത്തുവന്നു. തീവ്രവാദ സംഘങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലമാണ് കേരളമെന്ന് ഇ.പി പ്രതികരിച്ചു. കേരളത്തിൽനിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പി. ജയരാജന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തുവന്നു. പി. ജയരാജൻ പറഞ്ഞത് ശരിയോ തെറ്റോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഐഎസ് റിക്രൂട്ട്മെന്റ് കേന്ദ്രമായി കേരളം മാറിയെങ്കിൽ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും സതീശ‌ൻ പ്രസ്താവനയിൽ പറഞ്ഞു.

ജയരാജന്റെ പ്രസ്താവന അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും സർക്കാരിനും ആഭ്യന്തരവകുപ്പിനും എതിരെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചതെന്നും സതീശൻ പറഞ്ഞു. ആരോപണം ശരിയോ തെറ്റോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. അടിസ്ഥാനരഹിതമായ ആരോപണമെങ്കിൽ ജയരാജനെതിരെ നടപടിയെടുക്കണം. ജയരാജന്റെ നിലപാട് തന്നെയാണോ പാർട്ടിക്കെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും സതീശൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന പി. ജയരാജന്റെ ‘മുസ്‌ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്‌ലാമും’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജയരാജന്റെ വിവാദ പരാമർശങ്ങൾ. ഇതുമായി ബന്ധപ്പെട്ട് തന്റെ പുസ്തകത്തിൽ കൂടുതൽ വിശദാംശങ്ങൾ ഉണ്ടാവുമെന്നും ഒരു പ്രദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News