മത്സ്യതീറ്റയുടെ വ്യാജ ബില്ലുകൾ സംഘടിപ്പിച്ച് ലക്ഷങ്ങൾ തട്ടി; വയനാട് ജില്ലാ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിൽ വൻ സബ്‌സിഡി വെട്ടിപ്പ്
അഴിമതിക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നതിനും തെളിവ്
വയനാട്: ജില്ലാ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിൽ വൻ തുകയുടെ സബ്‌സിഡി വെട്ടിപ്പ്. മത്സ്യതീറ്റ സബ്‌സിഡിയിൽ തട്ടിപ്പ് നടത്താൻ ചില ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും ആക്ഷേപമുണ്ട്.പരിശോധന നടത്തിയ യൂണിറ്റ് ഇൻസ്‌പെക്ടർ അഴിമതി സംബന്ധിച്ച് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഫിഷറീസ് വകുപ്പിൽ നിന്ന് വിതരണം ചെയ്ത മത്സ്യവിത്തുകൾക്ക് ഒരു വർഷത്തേക്കുള്ള തീറ്റ കണക്കാക്കി അത് വാങ്ങിയ ബില്ലിന്റെ 40 ശതമാനമാണ് കർഷകർക്ക് സബ്‌സിഡിയായി അനുവദിക്കുക. ഈ സബ്‌സിഡി തുക തട്ടിയെടുക്കാൻ വ്യാജ ബില്ലുകൾ സംഘടിപ്പിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പലരും ലക്ഷങ്ങൾ തട്ടിയെന്നാണ് യൂണിറ്റ് ഇൻസ്‌പെക്ടറുടെ റിപ്പോർട്ട്. ഒരു വ്യാജ ബില്ലിന് 2,000 രൂപ വരെ ചില പ്രമോട്ടർമാർ കർഷകരിൽനിന്ന് ഈടാക്കുന്നുവെന്നാണ് ആരോപണം.
തീറ്റ കൃത്യമായി വാങ്ങുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട പ്രമോട്ടർമാരും കോർഡിനേറ്റർമാരും ഫിഷറീസ് ഉദ്യോഗസ്ഥരും അത് പരിശോധിക്കാതിരിക്കുകയോ ബോധപൂർവം തട്ടിപ്പിന് കൂട്ടുനിൽക്കുകയോ ചെയ്യുന്നുവെന്നാണ് ആരോപണം. മാർച്ച് 17 മുതലാണ് വിതരണമാരംഭിച്ചതെങ്കിലും സബ്‌സിഡിയിനത്തിൽ ജില്ലയിലെത്തിയ ഒരു കോടി രൂപയും ഇതിനകം തീർന്നു.
സബ്‌സിഡി വെട്ടിപ്പിനെകുറിച്ച് വിജിലൻസ് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഇത്രയും തുകയുടെ മത്സ്യത്തീറ്റ വിറ്റുവെന്നാണ് വാദമെങ്കിൽ നികുതി വകുപ്പ് പരിശോധന നടത്തണമെന്നും യൂണിറ്റ് ഇൻസ്‌പെക്ടർ പറയുന്നു.