മുഖ്യമന്ത്രി തളരാതിരിക്കാനാണ് ഞാനെന്‍റെ സമ്പാദ്യം മുഴുവന്‍ നല്‍കിയത്; കോവിഡ് കാലത്തും പ്രതീക്ഷയുടെ പുതുനാമ്പായി ഒരു മനുഷ്യന്‍

അഞ്ച് പതിറ്റാണ്ട് കാലത്തെ അധ്വാനത്തില്‍ മിച്ചം വന്നതായിരുന്നു രണ്ട് ലക്ഷത്തി എണ്ണൂറ്റമ്പത് രൂപ

Update: 2021-04-26 14:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

വാക്‌സിന്‍ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കിയ ബീഡി തൊഴിലാളി ജനാര്‍ദ്ദനനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫ് പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ജനാര്‍ദ്ദനന്‍റെ അഞ്ച് പതിറ്റാണ്ട് കാലത്തെ അധ്വാനത്തില്‍ മിച്ചം വന്നതായിരുന്നു രണ്ട് ലക്ഷത്തി എണ്ണൂറ്റമ്പത് രൂപ. ഇതില്‍ നിന്നും രണ്ട് ലക്ഷം രൂപയാണ് ജനാര്‍ദ്ദനന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഭാര്യയെകുറിച്ച് ചോദിച്ചപ്പോള്‍ പൊടുന്നനെ അയാള്‍ ക്യാമറയ്ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞു.ഏങ്ങലടക്കി പറഞ്ഞു. 'അവളായിരുന്നു എന്റെ ബലം. പോയപ്പോള്‍ ആകെ ഉലഞ്ഞുപോയി. ഞാനൊരു ഏകാന്ത ജീവി ആയത് പോലെ!'

ആകെ സമ്പാദ്യമായുണ്ടായിരുന്ന 2 ലക്ഷം രൂപ മുഴുവനും വാക്‌സിന്‍ വാങ്ങാനായി മുഖ്യമന്ത്രിക്ക് നല്‍കിയ ജനാര്‍ദ്ദനന്‍ എന്ന ബീഡി തൊഴിലാളിയെ കാണാന്‍ പോയതായിരുന്നു ഞാനും ക്യാമറമാന്‍ വിപിന്‍ മുരളിയും Vipin Murali . കണ്ണൂര്‍ കുറുവയിലെ പഴയൊരു വീടിന്‍റെ ഉമ്മറത്തിരുന്ന് അയാള്‍ ബീഡി തെറുക്കുന്നു. റേഡിയോയില്‍ ഒരു നാടന്‍ പാട്ടും ആസ്വദിച്ചായിരുന്നു ജോലി. ആരുമറിയാതെ ദുരിതാശ്വാസ നിധിയിലേക്ക് അയാള്‍ പണം നല്‍കിയിട്ട് മൂന്ന് ദിവസം കഴിഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ആളെ അന്വേഷിച്ച് കണ്ടുപിടിച്ചത് ഇപ്പോഴാണ്.

ജനാര്‍ദ്ദനന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിത കഥ ഇങ്ങനെയാണ്. 12 ആം വയസ്സില്‍ തുടങ്ങിയ ബീഡി തെറുപ്പ്. കേള്‍വി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങള്‍ അലട്ടിയിട്ടും അയാള്‍ തളര്‍ന്നില്ല. രണ്ട് മക്കള്‍ക്കും ഭാര്യ രജനിയ്ക്കുമൊപ്പം സന്തോഷത്തോടെ ജീവിച്ചു. രജനി കഴിഞ്ഞ കൊല്ലം മരിച്ചു. പിന്നെ അയാള്‍ അധികം ആരോടും സംസാരിക്കാതെയായി. ജോലി കഴിഞ്ഞാല്‍ ടൗണിലൊക്കെ ഒന്ന് നടന്ന് മടങ്ങിവരും. വൈകുന്നേരം വാര്‍ത്തകളൊക്കെ ടീവിയില്‍ കാണും. അഞ്ച് പതിറ്റാണ്ട് കാലത്തെ അധ്വാനത്തില്‍ മിച്ചം വന്നതായിരുന്നു രണ്ട് ലക്ഷത്തി എണ്ണൂറ്റമ്പത് രൂപ.

'വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ വാക്കു തന്നതായിരുന്നല്ലോ. ഒരു ഡോസിന് നാനൂറ് രൂപ സംസ്ഥാനങ്ങള്‍ നല്‍കണമെന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി വാക്കുമാറ്റിയില്ല. മുഖ്യമന്ത്രി തളരാതിരിക്കാനാണ് ഞാനെന്റെ സമ്പാദ്യം മുഴുവന്‍ നല്‍കിയത്.''കയ്യിലുള്ളതെല്ലാം നുളളിപ്പെറുക്കി നല്‍കിയാല്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന് ചോദിച്ചു.(ഉത്തരം കേട്ടപ്പോള്‍ അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി)

'' പണ്ട് ദിനേശില്‍ ഉള്ളകാലം തൊട്ടേ ഞാന്‍ ഒന്നാം തരം തെറുപ്പ് കാരനായിരുന്നു. ഇന്നും നാല് മണിക്കൂര്‍ ഇരുന്നാല്‍ ആയിരം ബീഡി തെറുക്കും. ഇതിന്റെ പകുതി പണം മതി എനിക്ക് ജീവിക്കാന്‍. നാടന്‍ പാലില്‍ അവിലും പഴവും കുഴച്ച് കഴിക്കുന്നതിന്റെ സുഖം അറിയോ? പതിനഞ്ച് രൂപമതി അതുണ്ടാക്കാന്‍''അധ്വാനിച്ച് ജീവിക്കുന്ന ജനകോടികളുടെ മനോബലമാണ് ആ മുഖത്ത് കണ്ടത്.'' പ്രതിസന്ധി കാലത്ത് പണം കയ്യില് വച്ചിട്ട് എന്ത് ചെയ്യാനാണ്. ആവശ്യത്തിന് ഉപകരിച്ചിട്ടില്ലെങ്കില്‍ ഈ ലക്ഷങ്ങള്‍ക്ക് കടലാസിന്റെ വില മാത്രല്ലേ ഉള്ളൂ'കൊച്ചുമകന്‍ അഭിനവിന്റെ കൈയും പിടിച്ച് വീടിനകത്തേക്ക് കയറുമ്പോള്‍ അയാള്‍ ജീവിതത്തിന്റെ തത്വം പറഞ്ഞു. ആറടി മണ്ണല്ലാതെ സ്വന്തമെന്ന് അഹങ്കരിക്കാന്‍ നമുക്കൊക്കെ എന്താണുള്ളത് !

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News