മുണ്ടക്കൈയിൽ കൂടുതൽ ഇടങ്ങളിൽ ഐബോഡ് പരിശോധന നടത്തും
ഇന്നലെ ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തിയിരുന്നു.
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈയിൽ കൂടുതൽ സ്ഥലങ്ങളിൽ ഐബോഡ് പരിശോധന നടത്തും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്. സംശയം തോന്നുന്ന സ്ഥലങ്ങളിൽ സ്നിഫർ ഡോഗുകളുടെ സഹായം വേണ്ടിവരുമെന്ന് റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ.
ഇന്നലെ ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തിയിരുന്നു. ബെയ്‌ലി പാലത്തിനു സമീപമാണ് സ്പോട്ടുകൾ കണ്ടെത്തിയത്. സംശയമുള്ള മറ്റു സ്പോട്ടുകളിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വീണ്ടും പരിശോധന നടത്തുമെന്ന് റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ വ്യക്തമാക്കി. ഭൂമിക്കടിയിൽ കുറേക്കൂടി ആഴത്തിലുള്ള പരിശോധന ഐബോഡിലൂടെ സാധ്യമാകും.
അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾക്ക് വയനാട് ആദരപൂർവ്വം വിടചൊല്ലി. തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങൾ പുത്തുമലയിൽ സംസ്കരിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.