ഐസിയു പീഡന കേസ്; അതിജീവിതയ്ക്ക് റിപ്പോർട്ട് നൽകി
ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടാണ് കൈമാറിയത്
കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതയ്ക്ക് റിപ്പോർട്ട് നൽകി. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടാണ് ഉത്തര മേഖലാ ഐജി കൈമാറിയത്. റിപ്പോർട്ട് ആവശ്യപ്പെട്ട് അതിജീവിത കമ്മീഷണർ ഓഫീസിന് മുന്നിൽ നടത്തിയ സമരം ഐജി യുടെ ഉത്തരവിൽ വിശ്വസിച്ച് അവസാനിപ്പിക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് റിപ്പോർട്ട് നൽകിയത്.
എല്ലാ സഹായം ചെയ്ത സമര സമിതിക്കും മാധ്യമ സുഹൃത്തുക്തൾക്കും നന്ദി രേഖപ്പെടുത്തുന്നു. റിപ്പോർട്ട് പരിശോധിച്ച് ആവശ്യമെങ്കില്‍ നിയമപരമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും അതിജീവത പറഞ്ഞു.
വൈദ്യപരിശോധന നടത്തിയ കെ വി പ്രീതി ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവൻ രേഖപ്പടുത്തിയില്ലെന്നുമായിരുന്ന അതിജീവിതയുടെ പരാതി. കൂടാതെ ശരീരത്തിൽ കണ്ട മുറിവുകൾ രേഖപ്പെടുത്താൻ നേഴ്സുമാർ പറഞ്ഞപ്പോൾ ഡോക്ടർ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറുകയും പിന്നീട് അന്വേഷണം നടത്തുകയും ചെയ്തത്.