ഐസിയു പീഡനക്കേസ്; പുനരന്വേഷണത്തിന് ഉത്തരവ്
നേരത്തെ നടത്തിയ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കാണിച്ച് അതിജീവിത നൽകിയ പരാതിയിലാണ് നടപടി
കോഴിക്കോട്: ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതിക്കെതിരായ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്. നേരത്തെ നടത്തിയ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും തൻറെ മൊഴി പരിഗണിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും കാണിച്ച് അതിജീവിത നൽകിയ പരാതിയിലാണ് ഉത്തരമേഖല ഐജി കെ സേതുരാമൻ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. നാർക്കോട്ടിക് സെൽ എ.സി.പി ടി.പി ജേക്കബിനാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
ഡോ. കെ വി പ്രീതിയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും അവർക്കെതിരെ തുടർനടപടി വേണ്ടെന്നുമാണ് നേരത്തെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ശാസ്ത്രക്രിയ നടത്തിയ സമയത്ത് ഒരു നേഴ്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ ജൂനിയർ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇല്ലാത്ത ഡോക്ടറുടെ മൊഴി എങ്ങനെയാണ് വന്നത് എന്ന് അതിജിവിത ചോദിച്ചു. താനൊ തന്റെ ബന്ധുക്കളോ പറഞ്ഞ കാര്യങ്ങൾ പരിഗണിച്ചിട്ടുപോലുമില്ലെന്നും അതിജിവിത ആരോപിച്ചു. ഇതിനെ തുടർന്ന് സംഭവത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് ഉത്തരമേഖല ഐജിയെ സമീപിക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടകയുമായിരുന്നു.