ഐസിയു പീഡനക്കേസ്; ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചതിൽ തെളിവെടുപ്പ്
പരാതിക്കാരിയോടും മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്
Update: 2023-07-31 02:25 GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിലെ പീഡനക്കേസിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച അന്വേഷണ സമിതി തെളിവെടുപ്പ് നടത്തും. പരാതിക്കാരിയുടെ മൊഴി പിൻവലിക്കാൻ സമ്മർദം ചെലുത്തിയ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചതിനെകുറിച്ചാണ് അന്വേഷണം.
ആരോഗ്യ വകുപ്പോ ഡിഎംഇയോ അറിയാതെയാണ് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചത്. സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് പിന്നീട് ആരോഗ്യവകുപ്പ് റദ്ദാക്കിയിരുന്നു. പരാതിക്കാരിയോടും ഇന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതി ശശീന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്നും സ്വാധീനിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാർക്കെതിരെ നടപടി വേണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.വി.ഗോപി വിരമിക്കുന്ന ദിവസം തന്നെയാണ് പ്രതികളെ തിരിച്ചെടുത്തത്.