വയനാട്ടില്‍ തെരഞ്ഞെടുപ്പ് കാലത്ത് പൊലീസ് വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ക്ക് പ്രതിഫലം നല്‍കിയില്ല
48 ലക്ഷത്തോളം രൂപയാണ് വാഹന ഉടമകള്‍ക്ക് ലഭിക്കാനുള്ളത്
വയനാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പൊലീസ് വാടകയ്‌ക്കെടുത്ത ടാക്‌സി വാഹനങ്ങള്‍ക്ക് ഇനിയും പ്രതിഫലം നല്‍കിയില്ല. 48 ലക്ഷത്തോളം രൂപയാണ് വാഹന ഉടമകള്‍ക്ക് ലഭിക്കാനുള്ളത്. ഉന്നത പൊലീസ് അധികാരികള്‍ക്ക് പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് വാഹന ഉടമകളുടെ പരാതി.
ഏപ്രില്‍ ആദ്യവാരം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്ടില്‍ പൊലീസിന്‍റെ ആവശ്യത്തിനായി 207 ടാക്‌സി വാഹനങ്ങളാണ് വാടകയ്ക്ക് എടുത്തിരുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് മൂന്നു മാസമായിട്ടും ഈ വാഹനങ്ങളുടെ വാടക നല്‍കാൻ പൊലീസ് തയ്യാറായിട്ടില്ല.
റവന്യൂ വകുപ്പും തെരഞ്ഞെടുപ്പ് വിഭാഗവും വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാടക നൽകിയിരുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും പൊലീസ് മാത്രം ഇതിന് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് വാഹന ഉടമകൾ സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരമടക്കമുള്ള സമരങ്ങളിലേക്ക് പോകുമെന്നും വാഹന ഉടമകൾ പറഞ്ഞു.