വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയ സംഭവം; ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി
കോവിഡ് പരിശോധന സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കിയ സംഘത്തിന് അന്യസംസ്ഥാന ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം വിപുലീകരിച്ചത്
മൂവാറ്റുപുഴയിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ പിടികൂടിയ സംഭവത്തിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കോവിഡ് പരിശോധന സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കിയ സംഘത്തിന് അന്യസംസ്ഥാന ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം വിപുലീകരിച്ചത്.
കീച്ചേരിപ്പടിയിൽ നിന്നും അറസ്റ്റിലായ ബംഗാൾ സ്വദേശി സർജിൻ മണ്ഡലിനെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നൂറുകണക്കിന് അതിഥി തൊഴിലാളികളെ ഇയാള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി വിട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾക്ക് ബംഗാളിലും അസമിലടക്കം കണ്ണികളുള്ളതായി പൊലീസ് സംശയിക്കുന്നു. പ്രതിയില്‍ നിന്ന് എട്ട് ലക്ഷത്തോളം രൂപയും പിടികൂടിയിരുന്നു.
വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നൽകുന്ന സംഘം ആധാറടക്കമുള്ള തിരിച്ചറിയൽ രേഖകളും വ്യാജമായി നിർമിച്ച് നൽകുന്നതായി സൂചന ലഭിച്ചതോടെയാണ് പ്രത്യേക സംഘം അന്വേഷണമേറ്റെടുത്തത്. കേരളത്തിലേക്ക് വരാനും തിരിച്ചുപോകുവാനും ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയതോടെ നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികൾ ഈ വ്യാജ പരിശോധന സർട്ടിഫിക്കറ്റുമായാണ് യാത്ര ചെയ്തിരുന്നത്. ജില്ലയിൽ കോവിഡ് വ്യാപനം വൻതോതിൽ വർധിച്ച സാഹചര്യത്തിൽ ഇവർ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടുതൽ പരിശോധിക്കാനും ആരോഗ്യ പ്രവർത്തകരോട് പൊലീസ് നിര്‍ദ്ദേശം നല്‍കി.