ശസ്ത്രക്രിയയില്‍ വൃഷണം നഷ്ടമായ സംഭവം: ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു
എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ഒ.ആർ കേളു എം.എൽ.എ മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട്: ശസ്ത്രക്രിയയിലെ അശ്രദ്ധമൂലം യുവാവിൻ്റെ വൃഷണം നഷ്ടമായെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷണം. വയനാട് ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരാതി അന്വേഷിക്കുക. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ഒ.ആർ കേളു എം.എൽ.എ മീഡിയവണിനോട് പറഞ്ഞു. വയനാട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ് ആരോപിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരൻ വയനാട് തോണിച്ചാൽ സ്വദേശി ഗിരീഷാണ് പരാതി നൽകിയത്.
വയനാട് മെഡിക്കൽ കോളജിലെ ജനറൽ സർജനെതിരെയാണ് ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായയാൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. ഹെർണിയ ശസ്ത്രക്രിയ പിഴവ് വൃഷണത്തെ ബാധിച്ചെന്നും, വൃഷണം നീക്കം ചെയ്യേണ്ടി വന്നെന്നുമാണ് പരാതി. ശസ്ത്രക്രിയ പിഴവ് മറച്ചുവെക്കാൻ ആശുപത്രിയിലെ ചികിത്സയുടെ ഭാഗമായ കേസ് റെക്കോര്‍ഡിൽ കൃത്രിമം കാണിച്ചു എന്നുമാണ് ആരോഗ്യവകുപ്പ് ജീവനക്കാരൻ കൂടിയായ ഗിരീഷിൻ്റെ പരാതി.
ഈ പരാതിയിലാണ് ഡി.എം.ഒ അന്വേഷണ സമിതിയെ നിയോഗിച്ചത്. ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെന്നു പരിശോധിക്കുമെന്നും ഒ.ആർ കേളു എം.എൽ.എ പറഞ്ഞു. തുടർനടപടി ഉണ്ടാകുമെന്ന് എം.എൽ.എ വിശദീകരിച്ചു.
അതേസമയം, കൃത്യമായ ചികിത്സ നൽകിയിരുന്നതായും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണു ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ വിശദീകരണം.
Summary: The health department investigated the complaint that a young man lost his testicle due to negligence in surgery at Wayanad Medical College. A committee headed by Wayanad Deputy DMO will investigate the complaint