'ബന്ധം വിച്ഛേദിക്കും'; ഗസ്സയ്ക്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്ത ഇലോൺ മസ്‌കിനെതിരെ ഇസ്രായേൽ

വെള്ളിയാഴ്ച മുതൽ ഗസ്സയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ല.

Update: 2023-10-29 07:42 GMT
Editor : abs | By : Web Desk
Advertising

തെൽ അവീവ്: ഗസ്സയ്ക്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്ത സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കിനെതിരെ ഇസ്രായേൽ. ഹമാസ് തീവ്രവാദ സംഘടനയാണ് എന്നും മസ്‌കിന്റെ നടപടിയെ എല്ലാ അർത്ഥത്തിലും എതിർക്കുമെന്നും ഇസ്രായേൽ വിദേശകാര്യമന്ത്രി ഷ്‌ലോമോ കാർഹി പറഞ്ഞു. ഇന്റർനെറ്റ് സേവനം ഹമാസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം തകർത്ത ഗസ്സയിൽ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് വഴി ഇന്റർനെറ്റ് ലഭ്യമാക്കും എന്നായിരുന്നു ശനിയാഴ്ച മസ്‌കിന്റെ വാഗ്ദാനം. എന്നു മുതല്‍ സേവനം ലഭ്യമാകും എന്നതില്‍ വ്യക്തതയില്ല. എക്‌സിലൂടെയാണ് (നേരത്തെ ട്വിറ്റർ) മസ്‌ക് ഇക്കാര്യം അറിയിച്ചത്. നേരത്തെ റഷ്യൻ അധിനിവേശ വേളയിൽ യുക്രൈനിലും സ്റ്റാർലിങ്ക് ഇന്റർനെറ്റ് എത്തിച്ചിരുന്നു.

ഇന്റർനെറ്റ് ലഭ്യമാക്കിയാൽ സ്റ്റാർലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്ന് കാർഹി ഭീഷണിപ്പെടുത്തി. 'ഇതിനെതിരെ പോരാടാൻ ഇസ്രായേൽ എല്ലാ മാർഗവും സ്വീകരിക്കും. ഹമാസ് ഇത് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. അതിൽ സംശയമില്ല. അത് ഞങ്ങൾക്കറിയാം. മസ്‌കും അതറിയണം. ഹമാസ് ഐഎസ്‌ഐഎസാണ്. (ഇന്‍റര്‍നെറ്റ് നല്‍കുന്നുവെങ്കില്‍) സ്റ്റാര്‍ലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കും. ' - അദ്ദേഹം കൂട്ടിച്ചേർത്തു. 



വെള്ളിയാഴ്ച മുതൽ ഗസ്സയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ല. അടിയന്തര സേവനങ്ങൾക്കായുള്ള നമ്പറുകളും പ്രവർത്തിക്കുന്നില്ല. സന്നദ്ധ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും ബന്ധപ്പെടാനാകാത്ത സാഹചര്യവുമുണ്ടെന്ന് ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഒക്ടോബർ ഏഴു മുതൽ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 7703 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400ലേറെ ഇസ്രായേലികൾ കൊല്ലപ്പെട്ടു. യുദ്ധം നിർത്താൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദം ശക്തമാണ് എങ്കിലും ഇസ്രായേൽ അതിന് വഴങ്ങിയിട്ടില്ല. ഹമാസിനെ ഇല്ലാതാക്കുന്നതു വരെ യുദ്ധം തുടരും എന്നാണ് പ്രസിഡണ്ട് ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News