അറസ്റ്റിലാകുന്ന പ്രതികൾക്ക് വിശദ വൈദ്യ പരിശോധന; സർക്കുലറിൽ വ്യക്തത വേണമെന്ന് ജയിൽ വകുപ്പ്
ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാർക്കും പൊലീസ് മേധാവിക്കും ജയിൽമേധാവി ഇത് സംബന്ധിച്ച കത്തുനൽകി
അറസ്റ്റിലാകുന്ന പ്രതികൾക്ക് വിശദ വൈദ്യ പരിശോധന നിർദേശിക്കുന്ന ആരോഗ്യ വകുപ്പിന്‍റെ സർക്കുലറിൽ വ്യക്തത വേണമെന്ന് ജയിൽ വകുപ്പ്. ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാർക്കും പൊലീസ് മേധാവിക്കും ജയിൽമേധാവി ഇത് സംബന്ധിച്ച കത്തുനൽകി. സർക്കുലറിൽ ഇളവ് ആവശ്യപ്പെട്ട് ഐജി ഹർഷിത അട്ടല്ലൂരിയും ഡിജിപിക്ക് കത്ത് നൽകിയിരുന്നു.
നിരവധി പരിശോധനകൾ, ഒരു ദിവസത്തിലധികം ഫലം വരാനുള്ള കാത്തിരിപ്പ് ഇതൊക്കെയാണ് പൊലീസിന് മുന്നിൽ സർക്കുലർ നടപ്പിലാക്കാനുള്ള വെല്ലുവിളി. പ്രധാനമായും ജയിൽ വകുപ്പ് കത്തിൽ ചോദിച്ചിരിക്കുന്നത് ഈ പരിശോധനഫലം ഇല്ലാത്തവരെ ജയിലിൽ പ്രവേശിപ്പിക്കണോ എന്ന് ഉത്തരവിൽ വ്യക്തമാക്കണോ എന്നാണ്. ഈ പ്രതിസന്ധി നീക്കിത്തരണമെന്നാണ് ജയിൽ വകുപ്പ് ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.