പെണ്‍കുട്ടികള്‍ക്കായി ജനമൈത്രി പൊലീസിന്‍റെ സ്വയം പ്രതിരോധ പരിശീലന ക്യാമ്പ്
ഒൻപതു വയസിനു മുകളിലുള്ള പെൺകുട്ടികൾക്ക് പങ്കെടുക്കാം
തിരുവനന്തപുരം: അതിക്രമങ്ങൾ തിരിച്ചറിയാനും സ്വയരക്ഷ നേടാനുമുള്ള മാർഗങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാനായി ജനമൈത്രി പൊലീസ് സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 24 മുതൽ അഞ്ചു ദിവസത്തെ പരിശീലനമാണ് നൽകുക. ഒൻപതു വയസിനു മുകളിലുള്ള പെൺകുട്ടികൾക്ക് പങ്കെടുക്കാം.
അക്രമികളെ അകറ്റി നിർത്താനുള്ള മാനസികവും കായികവുമായ പരിശീലനമാണ് നൽകുന്നത്. സൈബർ സുരക്ഷ, ലഹരി ഉപയോഗവും ദോഷങ്ങളും, പൊലീസിന്റെ വിവിധ സേവനങ്ങൾ, നിയമാവബോധം തുടങ്ങിയവയും ഉൾപ്പെടുന്നതാണ് പരിശീലനം. ഓരോ വിഷയത്തിലും പ്രത്യേക പരിശീലനം നേടിയവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സ്ക്വാഷ് സെന്ററിലാണ് പരിശീലനം. 9497970323 എന്ന നമ്പറിൽ വാട്സാപ്പ് മുഖേന പേര്, വയസ്സ്, അഡ്രസ് എന്നിവ അയച്ചു രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് ആദ്യ ബാച്ചിൽ പരിശീലനമെന്നും പൊലീസ് അറിയിച്ചു.