പട്ടയമുള്ള ഭൂമിയോ വാസയോഗ്യമായ വീടോ ഇല്ല; ഇല്ലായ്മകളുടെ നടുവില്‍ മക്കിമലയിലെ ആറാം നമ്പർ കോളനി നിവാസികള്‍
മാനന്തവാടിയിലെ ഈ മക്കിമലയിലാണ് നാടിനെ നടുക്കിയ ജീപ്പ് അപകടം നടന്നത്
വയനാട്: നാടിനെ നടുക്കിയ ജീപ്പ് അപകടം മൂലം ജനശ്രദ്ധയിലേക്ക് വന്ന വയനാട് മാനന്തവാടിയിലെ മക്കിമല നിവാസികൾ ജീവിക്കുന്നത് പരാധീനതകൾക്ക് നടുവിലാണ് . പട്ടയം ഉള്ള ഭൂമിയോ വാസയോഗ്യമായ വീടോ പ്രദേശവാസികളിൽ പലർക്കും ഇപ്പോഴും സ്വപ്നമാണ്.വന്യമൃഗ ശല്യം ഉള്ള പ്രദേശത്തെവിടെയും തെരുവുവിളക്കില്ല. പ്രദേശത്തേക്കെത്താൻ നല്ല റോഡോ മൊബൈൽ ഫോണിന് റേഞ്ചോ ഇവർക്കില്ല. മീഡിയവൺ അന്വേഷണം..
കണ്ണോത്ത് മലയിലാണ് കഴിഞ്ഞദിവസം നാടിനെ നടുക്കിയ ജീപ്പ് അപകടമുണ്ടായത്. ഒന്‍പത് പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ അഞ്ചു പേർ ഇപ്പോഴും ചികിത്സയിലാണ്. അമ്മയും മകളും നഷ്ടമായ മക്കിമല ആറാം നമ്പർ കോളനിയിലെ പത്മനാഭന് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഈ കൂരക്ക് പകരം മാന്യമായ ഒരു വീടു വയ്ക്കണമെന്ന് ഇവർക്ക് ആഗ്രഹമുണ്ട്.
താമസിക്കുന്ന ഭൂമിക്ക് രേഖ ഇല്ലാത്തത് ചെറുതായൊന്നുമല്ല ഇവരെ വലയ്ക്കുന്നത്. പ്രദേശത്തേക്ക് മാന്യമായ ഒരു റോഡു വേണമെന്ന ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കല്ലും കട്ടയും നിറഞ്ഞ ഈ വഴി താണ്ടി ഒരു വിധം വീടണഞ്ഞാൽ തീർത്തും ഒറ്റപ്പെട്ട നിലയിൽ ആയി പിന്നെ. സമീപത്തൊന്നും ഒരു ടവർ ഇല്ലാത്തതിനാൽ മൊബൈൽ ഫോണുകൾക്കും ഇവിടെ റേഞ്ച് ഇല്ല.
വന്യമൃഗ ശല്യം ഉള്ള പ്രദേശമാണെങ്കിലും നിലാവെളിച്ചം ഒഴിച്ചാൽ മറ്റു വെളിച്ചമൊന്നും രാത്രി ഇവിടെയില്ല. മക്കിമല ആറാം നമ്പർ കോളനി നിവാസികളുടെ ഇല്ലായ്മകളുടെ പട്ടിക നീണ്ടതാണ്. 9 പേരുടെ വിലപ്പെട്ട ജീവനുകൾ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെങ്കിലും അവരുടെ ആശ്രിതരും അടുപ്പക്കാരും ആയ ഈ തോട്ടം തൊഴിലാളികളുടെ ജീവിതമെങ്കിലും കൂടുതൽ തെളിച്ചമുള്ളതാക്കാൻ അധികാരികളുടെ ഇടപെടലുകൾ കൊണ്ട് സാധിക്കും. അത്തരമൊരു ഇടപെടലിനായി കാതോർത്ത് കാത്തിരിക്കുകയാണ് ഈ നിസ്സഹായ മനുഷ്യർ.