'മലവെള്ളപ്പാച്ചിലിൽ നിന്ന് ഉടൻ രക്ഷപ്പെട്ടോ'; വെള്ളാരങ്കല്ലുകളിലെ ആ പ്രവചനകഥ എഴുതിയ ലയ മോള്‍ സുരക്ഷിതയാണ്
സ്വന്തം നാടിന്‍റെ മനോഹാരിതയെക്കുറിച്ചും പ്രകൃതി ഭംഗിയെക്കുറിച്ചുമെല്ലാം കുട്ടികള്‍ മാഗസിനില്‍ എഴുതിയിരുന്നു
വയനാട്: ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് മുണ്ടക്കൈ.എങ്ങും നെഞ്ചുലയ്ക്കുന്ന തേങ്ങലുകള്‍ മാത്രം. വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് അറിയാതെ നാളെയുടെ പ്രതീക്ഷകളുമായി ഉറങ്ങാന്‍ കിടന്നവരാണ് കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. കേരളം മുഴുവന്‍ വയനാടിനെ ചേര്‍ത്തണച്ചുകൊണ്ടിരിക്കുമ്പോള്‍ മുണ്ടക്കൈ വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ഥിയായ ലയ മോള്‍ യാദൃച്ഛികമായി എഴുതിയ കഥ ആ ദുരന്തത്തെക്കുറിച്ചായിരുന്നു. കുട്ടികള്‍ തയ്യാറാക്കിയ 'വെള്ളാരങ്കല്ലുകള്‍' എന്ന ഡിജിറ്റല്‍ മാഗസിനിലായിരുന്നു ഭാവിയിലെ വന്‍ദുരന്തത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നത്. കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്താണ് ഈ കഥയെക്കുറിച്ചുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
സ്വന്തം നാടിന്‍റെ മനോഹാരിതയെക്കുറിച്ചും പ്രകൃതി ഭംഗിയെക്കുറിച്ചുമെല്ലാം കുട്ടികള്‍ മാഗസിനില്‍ എഴുതിയിരുന്നു. ലയ എഴുതിയ 'ആഗ്രഹത്തിന്‍റെ ദുരനുഭവം' എന്ന കഥയില്‍ "ഇവിടം വിട്ടു പോയ്ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വൻദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചിലിൽ നിന്ന് ഉടൻ രക്ഷപ്പെട്ടോ " എന്ന് ഒരു കിളി കുട്ടികളെ ഓർമിപ്പിക്കുകയാണ്.
‘‘മഴയായതിനാൽ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങേണ്ട എന്ന് അവർ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ഒരു കിളി അവിടേക്ക് വന്നത്. ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെനിന്നു വേഗം രക്ഷപ്പെട്ടോ കുട്ടികളെ. ഇവിടെ വലിയൊരു ആപത്തു വരാൻ പോകുന്നു. നിങ്ങൾക്കു രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെനിന്ന് ഓടി പൊയ്ക്കോളൂ. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെനിന്നു പറന്നുപോയി. കിളി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും അവിടെനിന്നു കുട്ടികൾ ഓടാൻ തുടങ്ങി’’– കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്.
തുടര്‍ന്ന് കഥ എഴുതിയ ലയ മോള്‍ സുരക്ഷിതയാണെന്ന കുറിപ്പും അന്‍വര്‍ സാദത്ത് പങ്കുവച്ചിട്ടുണ്ട്. കുട്ടിക്ക് ഉറ്റവരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.