പ്ലസ് വണ്‍ സീറ്റ്: പ്രതിപക്ഷം ഉന്നയിച്ച ആവശ്യം ആവര്‍ത്തിച്ച് കെ കെ ശൈലജ
സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കാതെ ജില്ലാ അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണമെന്നാണ് ശൈലജ ആവശ്യപ്പെട്ടത്.
പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ കെ ശൈലജ. ശ്രദ്ധക്ഷണിക്കലിലൂടെയാണ് ശൈലജ ആവശ്യം ഉന്നയിച്ചത്. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കാതെ ജില്ലാ അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണമെന്നാണ് ശൈലജ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം പ്രതിപക്ഷവും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി ഉന്നയിക്കുകയുണ്ടായി.
പ്ലസ് വൺ സീറ്റ് രണ്ടാംഘട്ട അലോട്ട്മെൻറ് കഴിഞ്ഞാലും 121000ഓളം കുട്ടികൾക്ക് ഇഷ്ടവിഷയമോ ഇഷ്ടപ്പെട്ട സ്കൂളുകളോ ലഭിക്കില്ലെന്നാണ് അടിയന്തരപ്രമേയ നോട്ടീസിലൂടെ ഷാഫി പറമ്പിൽ പറഞ്ഞത്. ശാസ്ത്രീയമായി പഠിച്ച് ആവശ്യമുള്ളിടത്ത് സീറ്റ് നൽകണം. 10:14 പ്രവേശനത്തിന്‍റെ തോതല്ല. അപേക്ഷകരുടെ എണ്ണം എടുക്കണം. അഡീഷണൽ ബാച്ചുകൾ അനിവാര്യമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എന്നാല്‍ അധിക ബാച്ചുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. രണ്ടാംഘട്ട അലോട്ട്മെൻറ് കഴിയുമ്പോൾ സീറ്റുകൾ അധികം വരുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ആശങ്ക സർക്കാർ പരിഗണിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
പ്രതിപക്ഷം ഉന്നയിച്ച അതേ ആവശ്യം തന്നെ കെ കെ ശൈലജ നിയമസഭയില്‍ ഉന്നയിച്ചു. സംസ്ഥാന യൂണിറ്റുകളായി കണ്ട് സീറ്റ് തീരുമാനിക്കരുത്. മറിച്ച് ജില്ലാ-സബ് ജില്ലാ അടിസ്ഥാനത്തില്‍ സീറ്റുകളുടെ യൂണിറ്റ് കണക്കാക്കി അപര്യാപ്തത പരിഹരിക്കണമെന്നും ശ്രദ്ധക്ഷണിക്കലില്‍ ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. സ്വാശ്രയ സ്ഥാപനങ്ങളിലെ അധിക ഫീസ് ഈടാക്കുന്നത് തടയാന്‍ നടപടി വേണമെന്നും മന്ത്രി വി ശിവന്‍കുട്ടിയോട് കെ കെ ശൈലജ ആവശ്യപ്പെട്ടു.