സില്‍വര്‍ ലൈന്‍ പദ്ധതി; യുഡിഎഫ് വീടുകള്‍ കയറിയുള്ള പ്രചാരണത്തിലേക്ക്
സില്‍വര്‍ ലൈന്‍ പദ്ധതി സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രചാരണം നടത്തും
സില്‍വര്‍ ലൈന്‍ പദ്ധതിക്കനുകൂലമായി വീടുകള്‍ കയറി പ്രചാരണം നടത്താന്‍ സിപിഎം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്ത് കൊണ്ട് സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നുവെന്ന് വിശദീകരിക്കാന്‍ വീടുകളിലെത്തി പ്രചരണം നടത്താന്‍ യുഡിഎഫും തീരുമാനിച്ചത്.
കെ റെയില്‍ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യം ഉയര്‍ത്തി പരിസ്ഥിതി സാമൂഹിക ആഘാതങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് യുഡിഎഫ് തീരുമാനം. 12 പേജുള്ള ലഘു ലേഖയില്‍ കുടിയൊഴിപ്പിക്കലിനേക്കാള്‍ പ്രധാന ഊന്നല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കാണ്. സര്‍ക്കാര്‍ പഠനം തന്നെ ആധാരമാക്കിയാണ് കേരളത്തെ ദുരന്തം കാത്തിരിക്കുന്നുവെന്ന് സ്ഥാപിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നത്.
64 സ്ഥലങ്ങളിലെ ജല നിര്‍ഗമന മാര്‍ഗങ്ങള്‍ തടസ്സപ്പെടുമെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇത് വെള്ളപ്പൊക്കം, ഭൂചലനം,ഉരുള്‍പൊട്ടല്‍ എന്നിവ ക്ഷണിച്ചു വരുത്തും. ഡിപിആര്‍ തന്നെ ജനവിരുദ്ധമാണെന്ന വാദവും യുഡിഎഫ് ഉയര്‍ത്തുന്നു. ഡിപിആര്‍ പ്രകാരം സില്‍വര്‍ ലൈനില്‍ ആളുകള്‍ കയറണമെങ്കില്‍ ദേശീയ പാതകള്‍ അടക്കമുള്ള റോഡുകള്‍ വികസിക്കരുത്. ടോള്‍ നിരക്ക് കൂട്ടണം. ബസ്-ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നൊക്കെയാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.
കേരളം മുഴുവന്‍ പദ്ധതിയുടെ ഇരകളാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം ലഘുലേഖയില്‍ ബദലുകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. മുബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കുന്ന സിപിഎമ്മിന്റെ കേരളത്തിലെ നിലപാട് ഇരട്ടത്താപ്പാണെന്നും ലഘുലേഖ കുറ്റപ്പെടുത്തുന്നു. ഈ പ്രശ്നങ്ങളെല്ലാം വിശദീകരിക്കുന്ന ലഘുലേഖകളുമായി വീടുകള്‍ കയറി യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്താനാണ് പദ്ധതി.