കനത്ത പ്രതിഷേധ ചൂടിനിടയിലും കല്ലിടല്‍; കണ്ണൂരില്‍ കെ റെയില്‍ കല്ലുകള്‍ പിഴുതുമാറ്റി
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ സർവേ പൂർത്തിയാക്കി ഉച്ചക്ക് ധർമ്മടം പഞ്ചായത്തിലേക്ക് സർവേ കടക്കും
കെ റയിൽ സർവേക്കെതിരെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഇന്നും പ്രതിഷേധം. മുഴപ്പിലങ്ങാട് പഞ്ചായത്തിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ ഭൂവുടമകൾ തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. കെ റയിൽ കുറ്റി ഭൂ ഉടമകൾ പിഴുതു മാറ്റുകയും ചെയ്തു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ഒമ്പതാം വാർഡായ മുല്ലപ്പുറത്ത് കല്ലിടൽ ആരംഭിച്ചതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധവുവായി ഭൂഉടമകൾ രംഗത്ത് എത്തിയത്.
കല്ലിടൽ തടഞ്ഞ സ്ത്രീകൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമം നാട്ടുകാരും സമര സമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞു. ഇതിനിടെ ഭൂ ഉടമയായ സ്ത്രീ സ്ഥലത്ത് കുഴഞ്ഞു വീണു. പിന്നാലെ കെ റെയിൽ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ പ്രതിഷേധം അവഗണിച്ചും പൊലീസ് കാവലിൽ കല്ലിടൽ തുടരുകയാണ്.മുഴപ്പിലങ്ങാട് പഞ്ചായത്തിലെ സർവേ പൂർത്തിയാക്കി ഉച്ചക്ക് ധർമ്മടം പഞ്ചായത്തിലേക്ക് സർവേ കടക്കും.