കലോത്സവം അവതരണഗാനത്തിന്‍റെ നൃത്താവിഷ്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും
നൃത്തം പഠിപ്പിക്കാൻ പ്രശസ്ത നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശം വിവാദമായിരുന്നു
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും. വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം സർക്കാരിനെ അറിയിച്ചു. നൃത്തം പഠിപ്പിക്കാൻ പ്രശസ്ത നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശം വിവാദമായിരുന്നു.
ഇന്നലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നൃത്തം ചിട്ടപ്പെടുത്തണമെന്ന് ആവശ്യവുമായി കലാമണ്ഡലത്തെ സമീപിച്ചത്. പൊതു വിദ്യാസവകുപ്പിന്‍റെ അഭ്യർഥന അംഗീകരിച്ച് സൗജന്യമായി തന്നെ നൃത്തം ചിട്ടപ്പെടുത്താം എന്ന് കലാമണ്ഡലം സർക്കാരിനെ അറിയിച്ചു. കലാമണ്ഡലത്തിലെ പിജി വിദ്യാർഥികളാണ് നൃത്തം ചിട്ടപ്പെടുത്തുന്നത്.ജനുവരി നാലു മുതലാണ് തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക.
കലോത്സവത്തിലൂടെ വളർന്നുവന്ന നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത് അഹങ്കാരമെന്നായിരുന്നു മന്ത്രിയുടെ കുറ്റപ്പെടുത്തല്‍. വെഞ്ഞാറമൂട് നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് മന്ത്രി നടിക്കെതിരെ ആഞ്ഞടിച്ചത്. ജനുവരി നാല് മുതൽ ആണ് തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നുണ്ട്. ഈ കലോത്സവത്തിന്‍റെ അവതരണ ഗാനം ചിട്ടപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ഒരു നടിയെ സമീപിച്ചു. ഗാനം ചെയ്യാം എന്ന ഏറ്റ അവർ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. കലോത്സവത്തിലൂടെ വളർന്ന് താരമായ നടിക്ക് അഹങ്കാരവും പണത്തിനോട് ആർത്തിയും എന്നായിരുന്നു വിമർശനം.
പരാമര്‍ശം വിവാദമായതോടെ മന്ത്രി പിന്നീട് പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ലോഗോ പ്രകാശനത്തിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് വിമർശനം പിൻവലിച്ചതായി മന്ത്രി അറിയിച്ചത്.