കളമശേരി ബസ് കത്തിക്കൽ: മൂന്ന് പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി തിങ്കളാഴ്ച

തടിയന്റവിട നസീർ, സാബിർ ബുഖാരി, താജുദ്ദീൻ എന്നിവരാണ് കുറ്റക്കാർ. നേരത്തെ കേസിൽ പ്രതിയായ കെ.എ അനൂപിന് ആറ് വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.

Update: 2022-07-28 15:23 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചി എൻഐഎ കോടതി. തടിയന്റവിട നസീർ, സാബിർ ബുഖാരി, താജുദ്ദീൻ എന്നിവരാണ് കുറ്റക്കാർ. തിങ്കളാഴ്ച ശിക്ഷ വിധിക്കും. നേരത്തെ കേസിൽ പ്രതിയായ കെ.എ അനൂപിന് ആറ് വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.

എൻഐഎ ചുമത്തിയ കുറ്റങ്ങൾ സമ്മതിക്കുന്നതായി പ്രതികൾ കോടതിയെ അറിയിച്ച് പശ്ചാത്തലത്തിലാണ് വിചാരണ പൂർത്തിയാക്കാത്ത കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. നിലവിലെ റിമാൻഡ് കാലാവധി ശിക്ഷാകാലവധിയായി കണക്കാക്കുമെന്നതിനിലാണ് പ്രതികളുടെ ഈ നീക്കം. തടിയന്റവിട നസീര്‍, സൂഫിയ മദനി ഉള്‍പ്പടെ കേസില്‍ 13 പ്രതികളുണ്ട്. ഇതിൽ അഞ്ചാം പ്രതി അനുപ് കുറ്റ സമ്മതം നടത്തിയതിനെ തുടർന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ശേഷിക്കുന്ന പ്രതിപ്പട്ടികയിലുള്ളവർ ഇനി വിചാരണ നേരിടണം.

2005 സെപ്തംബർ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സർക്കാരിന്റെ ബസ് രാത്രിയോടെ പ്രതികൾ തട്ടിയെടുത്ത് കളമശേരി എച്ച്എംടി എസ്റ്റേറ്റിന് സമീപം ആളുകളെ ഇറക്കിയ ശേഷം അഗ്‌നിക്കിരയാക്കി എന്നാണ് കേസ്.  കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു പ്രതികൾ ബസ് കത്തിച്ചത്. തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. മദനിയുടെ ഭാര്യ സൂഫിയ കേസില്‍ പത്താം പ്രതിയാണ്.

പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 2009ൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു. 2010ൽ കുറ്റപത്രം സമർപ്പിച്ചു. ഒളിവിലായിരുന്ന അനൂപിനെ 2016ലാണ് എൻഐഎ അറസ്റ്റ് ചെയ്യുന്നത്. 2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിൻറെ വിചാരണ 2019 ൽ മാത്രമാണ് തുടങ്ങിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News