എ.കെ.ജി സെന്റർ ആക്രമണം: പിന്നിൽ കോൺഗ്രസ് ആണെന്ന് പറയാനാവില്ലെന്ന് കാനം
അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന ഇ.പി ജയരാജന്‍റെ വാദങ്ങളെ സി.പി.ഐ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല.
തിരുവനന്തപുരം: എ.കെ.ജി സെന്‍ററില്‍ ബോംബ് എറിഞ്ഞത് കോണ്‍ഗ്രസ് ആണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ ആരോപണത്തെ അംഗീകരിക്കാതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അക്രമത്തിന് പിന്നില്‍ കോൺഗ്രസ് ആണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കാനം പറഞ്ഞു. അക്രമത്തിന്‍റെ ബുദ്ധി കേന്ദ്രം ഇ.പി ജയരാജനാണെന്ന സുധാകരന്റെ പ്രസ്താവന ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്ന് മന്ത്രി എം.വി ഗോവിന്ദനും പ്രതികരിച്ചു
അക്രമം നടത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നത് പൊലീസിന് വലിയ നാണക്കേടായിരിക്കെയാണ് മുന്നണിക്കുള്ളില്‍ നിന്ന് തന്നെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന ഇ.പി ജയരാജന്‍റെ വാദങ്ങളെ സി.പി.ഐ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല. എ.കെ.ജി സെന്ററിനെതിരെ ആക്രമണം നടത്തിയവർ തന്നെയാണ് കള്ളക്കഥകളും പ്രചരിപ്പിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പൊലീസ് അന്വേഷണത്തില്‍ തെളിവ് കിട്ടാതെ കോണ്‍ഗ്രസിന് നേരെ ആരോപണം ഉന്നയിക്കുകയും പിന്നീട് പ്രതി കോണ്‍ഗ്രസ് അല്ലെന്ന് തിരിച്ചറിയുകയും ചെയ്താല്‍ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തല്‍ മറ്റ് ഘടകകക്ഷികള്‍ക്കുമുണ്ട്. അതേസമയം എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞയാളെക്കുറിച്ച് വ്യക്തതയില്ലാതെ പൊലീസ്. ബോംബെറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായാണ് പൊലീസ് നിഗമനം. വഴിയിൽ വെച്ച് മറ്റൊരു സ്കൂട്ടറിൽ എത്തിയയാൾ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവർ കൈമാറി. ആക്രമിച്ചയാൾ ആദ്യം സ്ഥലത്ത് നിരീക്ഷണം നടത്തിയെന്നും പൊലീസ് വ്യക്തമാക്കി.