ചോദ്യപേപ്പർ ആവർത്തനം: കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ സ്ഥാനമൊഴിഞ്ഞു
സംഭവത്തിൽ സർവകലാശാലക്ക് കൂട്ടുത്തരവാദിത്വമെന്ന് പി ജെ വിൻസെന്റ്
കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ പി. ജെ വിൻസെന്റ് സ്ഥാനമൊഴിഞ്ഞു. ചോദ്യപേപ്പർ ആവർത്തനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് വിൻസന്റിന്റെ മടക്കം. ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും ഇക്കാര്യത്തിൽ സർവ കലാശാലക്ക് കൂട്ടുത്തരവാദിത്വമാണുള്ളതെന്നും വിൻസെന്റ് പറഞ്ഞു
ഏപ്രിൽ മാസത്തിൽ നടന്ന കണ്ണൂർ സർവകലാശാലയുടെ ബിരുദ പരീക്ഷ ചോദ്യ പേപ്പറുകൾ ആവർത്തിച്ചത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. പിന്നാലെ സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പരീക്ഷ കൺട്രോളർ രാജി സന്നദ്ധത അറിയിച്ചു. എന്നാൽ തത്കാലം അവധിയിൽ പോകാനായിരുന്നു വൈസ് ചാൻസലേരുടെ നിർദ്ദേശം. ഇതേ തുടർന്ന് ഏപ്രിൽ 28 മുതൽ മെയ് 10 വരെ പി ജെ വിൻസെന്റ് അവധിയിൽ പ്രവേശിച്ചു. ഇതിനിടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച രണ്ടംഗ +പരീക്ഷ കൺട്രോളർക്ക് അനുകൂലമായി റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ ഈ റിപ്പോർട്ടിന്മേൽ കൂടുതൽ അന്വേഷണം നടത്താൻ സിന്ഡിക്കേറ്റ് തീരുമാനിച്ചതാണ് പരീക്ഷ കൺട്രോളറെ പ്രകോപിപ്പിച്ചത്. തുടർന്നായിരുന്നു ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തത്.
അടുത്ത ദിവസം പി. ജെ വിൻസെന്റ് മാതൃ സ്ഥാപനമായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറായി ചുമതല ഏൽക്കും. നേരത്തെ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ പ്രസ്സ് സെക്രട്ടറി ആയും വിൻസെന്റ് പ്രവർത്തിച്ചിട്ടുണ്ട്.