കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; ഇരുപതോളം പേരെ കൂടി പ്രതിചേർക്കാൻ ഇ.ഡി
അനധികൃത വായ്പ സ്വീകരിച്ച് തിരിച്ചടയ്ക്കാത്തവരും പ്രതികളാകും
തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇരുപതോളം പേരെ കൂടി പ്രതി ചേർക്കാൻ ഇ.ഡി. ബാങ്കിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയവരെയാണ് പ്രതി ചേർക്കുക. ബാങ്കിൽ നിന്നും അനധികൃത വായ്പ സ്വീകരിച്ച് തിരിച്ചടയ്ക്കാത്തവരും പ്രതികളാകും. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കേസിൽ രണ്ടാം കുറ്റപത്രം ഉടൻ സമർപ്പിക്കും.
കേസിൽ സിപിഎമ്മിനെതിരെയുളള നടപടികൾ കടുപ്പിക്കുകയാണ് ഇഡി. സിപിഎമ്മിന്റെ പേരിലുളള 77.63 ലക്ഷത്തിന്റെ സ്വത്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. കരുവന്നൂർ ബാങ്കിൽ പാർട്ടിയുടെ പേരിലുളള അഞ്ച് അക്കൗണ്ടുകളും, ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗ ണ്ടുകളും, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ടും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
ലോക്കൽ കമ്മിറ്റി ഓഫീസ് നിർമിക്കാനായി സിപിഎം 5 സെന്റ് ഭൂമി വാങ്ങിയിരുന്നു. ഇതും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസിലെ രണ്ടാം ഘട്ട അന്വേഷണത്തിനിടെ സിപിഎമ്മിനെയും അന്വേഷണസംഘം പ്രതി ചേർത്തു. ബാങ്കിൽ നിന്നും ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം സിപിഎമ്മിന്റെ വിവിധ ഘടകങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്ന കണ്ടെത്തിലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ബാങ്കിൽ നിന്നും അനധികൃത വായ്പ സ്വീകരിച്ച പത്ത് പേരുടെ അടക്കം മൊത്തത്തിൽ 29 കോടിയാണ് ഇഡി കണ്ടുകെട്ടിയത്.