കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിനോട് അവഗണന; നവകേരള യാചന സദസ് സംഘടിപ്പിച്ച് യു.ഡി.എഫ്
ജനപ്രതിനിധികളടക്കം പിച്ച ചട്ടിയെടുത്തായിരുന്നു പ്രതിഷേധം
കാസര്‍കോട്: കാസര്‍കോട് ഗവൺമെന്റ് മെഡിക്കല്‍ കോളജിനോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നവകേരള യാചന സദസ് സംഘടിപ്പിച്ചു. മെഡിക്കല്‍ കോളജ് പരിസരത്ത് നടന്ന പ്രതിഷേധം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കാസര്‍കോട് മെഡിക്കല്‍ കോളേജ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.ജനപ്രതിനിധികളടക്കം പിച്ച ചട്ടിയെടുത്തായിരുന്നു പ്രതിഷേധം.
കാസർകോട് ഉക്കിനടുക്കയിൽ ഗവ. മെഡിക്കൽ കോളേജിന് തറക്കല്ലിട്ട് പത്ത് വർഷം പൂർത്തിയായിട്ടും നിർമ്മാണം ഇന്നും പാതിവഴിയിലാണ്. 2013 നവംബർ 30-ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടത്. ആശുപത്രി ബ്ലോക്കിന് 2018 നവംബർ 25-ന് മുഖ്യമന്ത്രി പിണറായി വിജയനും തറക്കല്ലിട്ടു. എന്നാൽ ഒരേ വർഷം തറക്കല്ലിട്ട ഇടുക്കിയിലെ ചെറുതോണിയിൽ ചികിത്സയും പഠനവും ആരംഭിച്ചപ്പോഴും കാസർകോട്ട് ഇപ്പോഴും നിർമ്മാണ പ്രവർത്തനം ഇഴഞ്ഞുനീങ്ങുകയാണ്.