നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയതിൽ സഭയിൽ വാക്പോര്; ചോദ്യം ചോദിക്കാനുള്ള അവകാശത്തെ ഹനിച്ചെന്ന് പ്രതിപക്ഷം
എഡിജിപിയെ സംബന്ധിച്ച് ചോദ്യമുന്നയിച്ച പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് സ്പീക്കർ ഓഫാക്കുകയും ചെയ്തു
തിരുവനന്തപുരം: നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയതിനെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ചോദ്യം ചോദിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവകാശം ഹനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
എഡിജിപിയെ സംബന്ധിച്ച് ചോദ്യമുന്നയിച്ച പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് സ്പീക്കർ ഓഫാക്കുകയും ചെയ്തു. ചോദ്യങ്ങൾ പ്രതിപക്ഷം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും ഇത് ചട്ടലംഘനമാണെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ എല്ലാ ചോദ്യങ്ങൾക്കും മറുപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അതിനിടെ പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ പരാമർശത്തിനെതിരെ വി.ഡി.സതീശൻ രംഗത്തെത്തി. സഭാചരിത്രത്തിലെ പക്വതയില്ലാത്ത സ്പീക്കറാണ് ഷംസീറെന്ന് സതീശൻ ആരോപിച്ചു.
എന്നാല്‍ പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യത്തിന് കാരണം സ്പീക്കറുടെ കുറ്റബോധമാണെന്ന് സതീശന്‍ പ്രതികരിച്ചു. സ്പീക്കർ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യമാണിത്. സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യങ്ങളാണ്. സർക്കാരിന്‍റെ എല്ലാ വൃത്തികേടുകൾക്കും സ്പീക്കർ കൂട്ടുനിൽക്കുന്നവെന്നും സതീശന്‍ ആരോപിച്ചു. സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു.
അതേസമയം വി.ഡി സതീശന് നിലവാരമില്ലെന്ന് മുഖ്യമന്ത്രിയും സഭയില്‍ പറഞ്ഞു. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണെന്നു പല ഘട്ടത്തിൽ തെളിയിച്ചു. ഇത്രയും അധഃപതിക്കാമെന്ന് തെളിയിച്ചു. പരസ്പരബഹുമാനം നിലനിർത്തിപ്പോരണം. പ്രതിപക്ഷ നേതാവിൻ്റെ നിലപാട് സഭ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ചരിത്രത്തിലെ ഏറ്റവും അപക്വമതിയായ പ്രതിപക്ഷ നേതാവാണ് സതീശനെന്ന് മന്ത്രി എം.ബി രാജേഷ് കുറ്റപ്പെടുത്തി.