കൈവെട്ട് കേസ്; മൂന്നാംപ്രതി എം.കെ. നാസറിന്‍റെ ശിക്ഷാവിധി മരവിപ്പിച്ചു

നാസറിന് ഉപാധികളോടെ ജാമ്യം നല്‍കാനും ഡിവിഷന്‍ ബെഞ്ചിന്‍റെ തീരുമാനം

Update: 2024-12-13 10:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: പ്രൊഫസര്‍ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതി എം.കെ. നാസറിന്‍റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി. നാസറിന് ഉപാധികളോടെ ജാമ്യം നല്‍കാനും ഡിവിഷന്‍ ബെഞ്ചിന്‍റെ തീരുമാനം. ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവന്‍, പി.വി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെതാണ് നടപടി.

കേസില്‍ വിചാരണ കാലത്തും ശിക്ഷാവിധിക്ക് ശേഷവും 9 വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് എന്ന വാദം കൂടി പരിഗണിച്ചാണ് തീരുമാനം. ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ ശക്തമായി എതിർത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. എന്‍ഐഎ അപ്പീല്‍ സമീപഭാവിയിലൊന്നും പരിഗണിക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ട് പോകരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം നൽകിയത്.

ചോദ്യപേപ്പറിൽ മത നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ ജോസഫിൻ്റെ കൈ വെട്ടിയ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ,അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. 2010 മാർച്ചിലാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി.ജെ ജോസഫിനെ ആക്രമിക്കുന്നത്. ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎയും കുറ്റകൃത്യത്തിലെ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു. പ്രതികൾക്ക് വിദേശത്ത് നിന്നും ഫണ്ട് ലഭിച്ചെന്നും കുറ്റകൃത്യത്തിന് മുൻപും ശേഷവും പ്രാദേശിക സഹായം ലഭിച്ചുവെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News