'മാധ്യമം' മുഖപ്രസംഗത്തിന് കേരള മീഡിയ അക്കാദമിയുടെ വി. കരുണാകരൻ നമ്പ്യാർ അവാർഡ്
‘മാധ്യമം’ സീനിയർ സബ് എഡിറ്റർ കെ. സുൽഹഫ് ആണ് അവാർഡിന് അർഹനായത്.
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2022ലെ മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് ‘മാധ്യമം’ ദിനപത്രം മുഖപ്രസംഗത്തിന്. ‘മാധ്യമം’ സീനിയർ സബ് എഡിറ്റർ കെ. സുൽഹഫ് ആണ് അവാർഡിന് അർഹനായത്. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണിത്.
‘പ്രബുദ്ധ മലയാളം എന്ന പാഴ്വാക്ക്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിനാണ് അവാർഡ് ലഭിച്ചത്. കേരളത്തെ നടുക്കിയ നരബലിയുടെ പശ്ചാത്തലത്തിൽ കേരളീയർ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ കൂടുതൽ ഉണരേണ്ടതുണ്ടെന്ന് മുഖപ്രസംഗം വിലയിരുത്തുന്നു. ഡോ. സെബാസ്റ്റ്യൻ പോൾ, ബി. സന്ധ്യ, കെ.സി നാരായണൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് വിധി നിർണയം നടത്തിയത്.
മലപ്പുറം ജില്ലയിലെ വണ്ടുർ സ്വദേശിയാണ് സുൽഹഫ്. കരുവാടൻ ബദറുദീന്‍റെയും സുലൈഖയുടെയും മകനാണ്. 2011ൽ മാധ്യമം പത്രാധിപ സമിതിയിൽ അംഗമായ സുൽഹഫ് നിലവിൽ മാധ്യമം ആഴ്ചപതിപ്പിൽ സീനിയർ സബ് എഡിറ്ററാണ്. ആരോഗ്യ പത്രപ്രവർത്തനത്തിനുള്ള റീച്ച്-യു.എസ് എയ്ഡ് മീഡിയ ഫെലോഷിപ്പ് (2020), മികച്ച എഡിറ്റോറിയലിനുള്ള കാമ്പിശ്ശേരി കരുണാകരൻ അവാർഡ് (2019), ഇന്ത്യ സയൻസ് മീഡിയ അവാർഡ് (2019), നാഷനൽ മീഡിയ അവാർഡ് (2018), കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെലോഷിപ്പ് (2017) എന്നിവയും ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹിബ തസ്നീം (അധ്യാപിക). മക്കൾ: ഫിദൽ അനാം, ഹർഷ് സമാൻ.
മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ.സത്യവ്രതൻ അവാർഡിന് ദീപിക ദിനപത്രത്തിന്റെ സ്റ്റാഫ് റിപ്പോർട്ടറായ റിച്ചാർഡ് ജോസഫ് അർഹനായി. 2022 ജനുവരി 16ന് സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച പ്രശാന്തവിസ്മയം എന്ന സ്റ്റോറിയാണ് പരിഗണിക്കപ്പെട്ടത്. സെറിബ്രൽ പാൾസിക്കു പുറമേ, കാഴ്ചയും കേൾവിയും സംസാരവും പരിമിതമായ പ്രശാന്ത് ചന്ദ്രൻ യുവാവിന്റെ ജീവിതനേട്ടങ്ങൾ വിവരിക്കുന്നതാണ് ഈ സ്റ്റോറി. പദ്മശ്രീ ജി. ശങ്കർ, റോസ് മേരി, കെ.എ. ബീന എന്നിവരാണ് വിധി നിർണയം നടത്തിയത്.
മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് മലയാള മനോരമ ദിനപത്രത്തിന്റെ സ്പെഷ്യൽ കറസ്പോണ്ടന്റ് കെ. ജയപ്രകാശ് ബാബുവിന് ലഭിച്ചു. 2022 ജൂലൈയിലും ഓഗസ്റ്റിലുമായി കേരളത്തിലേക്കുള്ള സ്വർണക്കടത്തിനെപ്പറ്റി ദുബായ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പൊടിപൊടിച്ച് പൊന്നുകടത്ത് എന്ന പരമ്പരയാണ് ജയപ്രകാശിനെ അവാർഡിനർഹനാക്കിയത്. ഡോ. നടുവട്ടം സത്യശീലൻ, ജോർജ് പുളിക്കൻ, പി.വി. മുരുകൻ എന്നിവരാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡിന് മാതൃഭൂമി ദിനപ്പത്രത്തിലെ നെടുമങ്ങാട് പ്രാദേശിക ലേഖകൻ തെന്നൂർ ബി. അശോക് അർഹനായി. 2022 ജനുവരി 30 മുതൽ ഫെബ്രുവരി മൂന്നു വരെ മാതൃഭൂമി തിരുവനന്തപുരം എഡിഷനിൽ പ്രസിദ്ധീകരിച്ച മരണം മണക്കുന്ന ഊരുകൾ എന്ന പരമ്പരയാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. തലസ്ഥാനജില്ലയിലെ ആദിവാസി ഊരുകളുടെ ദുരവസ്ഥകളാണ് ഈ പരമ്പര ചൂണ്ടിക്കാട്ടിയത്. വി.ഇ. ബാലകൃഷ്ണൻ, കായംകുളം യൂനസ്, കെ.ആർ. മല്ലിക എന്നിവരായിരുന്നു വിധിനിർണ്ണയ സമിതിയംഗങ്ങൾ.