പൊട്ടിപ്പൊളിഞ്ഞ് കൊല്ലം-പരവൂർ തീരദേശ പാത; ദുരിതം തീരാതെ നാട്ടുകാർ
മൂന്ന് വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല
കൊല്ലം ബീച്ച് മുതൽ കച്ചിക്കടവ് പാലം വരെയുള്ള റോഡുവഴി പോകാൻ ഓട്ടോ പോലും വിളിച്ചാൽ വരാത്ത അവസ്ഥയാണ്. റോഡിന്റെ പരിതാപകരമായ അവസ്ഥയിൽ ദുരിതത്തിലാകുകയാണ് നാട്ടുകാർ. റോഡ് ഏറെക്കുറെ പൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടിരിക്കുന്നു. ചിന്നക്കടയിൽ നിന്ന് പരവൂരിലേക്ക് അതിവേഗം എത്താൻ കഴിയുന്ന ഇതുവഴി നിരവധി ബസുകളും സർവീസ് നടത്തുന്നുണ്ട്.
കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ പുനരുദ്ധാരണ പദ്ധതി ആവിഷ്‌കരിച്ചത്. മൂന്ന് വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങും എത്തിയില്ല. റോഡിനോട് ചേർന്ന് ഒഴുകുന്ന കൊല്ലം തോടിന്റെ തീരം കെട്ടി ഉയർത്തി റോഡിന് വീതി കൂട്ടുക എന്നതും പദ്ധതിയുടെ ഭാഗമായിരുന്നു. അധികാരികൾ നിസ്സംഗത വെടിഞ്ഞ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പദ്ധതി വൈകുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും നാട്ടുകാർ പറയുന്നു.