കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി പുലർന്നെന്ന് പ്രതിഭാഗം അഭിഭാഷകൻ
കേസിൽ എൻ.ഐ.എ സുപ്രീംകോടതിയിൽ അപ്പീലിനു പോയാൽ ആ നീക്കത്തെ പ്രതിരോധിക്കാനുള്ള സാമ്പത്തിക ശേഷി ഇപ്പോൾ കോടതി വെറുതെ വിട്ടവർക്കില്ലെന്ന് അഭിഭാഷകൻ
കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിൽ 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി പുലർന്നെന്ന് ഷഫാസിന്റെയും നസീറിന്റെയും അഭിഭാഷകൻ നൗഷാദ്. കേസിൽ ഇരുവരെയും കോടതി വെറുതെ വിട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഷഫാസിനെയും നസീറിനെയും വെറുതെ വിട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു.
ഇത്രയും കാലം ഷഫാസും നസീറും ജയിൽ കഴിഞ്ഞുവെന്നുള്ളത് ഏറെ വേദനാജനകമായ കാര്യമാണ്. ഹാലിമും യൂസുഫുമെല്ലാം ഏറെക്കാലം ജയിലിൽ കഴിഞ്ഞവരാണ്. കേസിൽ വിചാരണ കോടതി വെറുതെ വിട്ട ഹാലിമിനും യൂസുഫിനുമെതിരെ എൻ.ഐ.എ അപ്പീലിനു പോവുകയാണ് ചെയ്തത്. കടുത്ത പ്രതിസന്ധികൾക്കിടയിലും നടത്തിയ നിയമ പോരാട്ടം വിജയകരമായി പര്യവസാനിച്ചു. എന്നാൽ ആശങ്ക വിട്ടൊഴിയുന്നില്ല. ഒരുപക്ഷെ എൻ.ഐ.എ സുപ്രീംകോടതിയിൽ അപ്പീലിനു പോയാൽ ആ നീക്കത്തെ പ്രതിരോധിക്കാനുള്ള സാമ്പത്തിക ശേഷി ഇപ്പോൾ കോടതി വെറുതെ വിട്ടവർക്കില്ല. അഡ്വ. നൗഷാദ് വിശദീകരിച്ചു.
വിധിക്കെതിരെ എൻഐഎ സുപ്രിം കോടതിയിൽ അപ്പീൽ പോയേക്കുമെന്നാണ് സൂചന. കേസിലെ വിചാരണ പൂർത്തിയായ ശേഷം അബ്ദുൽ ഹാലിം, അബൂബക്കർ യൂസുഫ് എന്നീ രണ്ടു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. അതിനെതിരെ എൻഐഎ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയിരുന്നു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബഞ്ചിൻറേതാണ് വിധി. 2006 മാർച്ച് 3 നായിരുന്നു സ്‌ഫോടനങ്ങൾ നടന്നത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്സ്റ്റാൻഡിലും പതിനഞ്ച് മിനുട്ടുകൾക്കു ശേഷം മൊഫ്യൂസൽ സ്റ്റാൻഡിലുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ തടിയന്റവിട നസീറിനും ബന്ധു ഷാബാസിനും കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ജീവപര്യന്തം തടവു വിധിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി.
മാറാട് കലാപത്തിലെ പ്രതികൾക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് ജുഡീഷ്യറിയോടും മറ്റു സംവിധാനങ്ങളോടുമുള്ള പ്രതിഷേധമെന്ന നിലയിൽ പ്രതികൾ സ്ഫോടനം ആസൂത്രണം ചെയ്തു എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. കേസിൽ ഒമ്പതു പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ടു പ്രതികളെ എൻഐഎക്ക് പിടി കൂടാനായിട്ടില്ല. ഒരു പ്രതി കശ്മീരിൽ മരിച്ചു. ഏഴാം പ്രതി കേസിൽ മാപ്പു സാക്ഷിയായി. അഞ്ചാം പ്രതിയായ ജലീലിനെ കോടതി വെറുതെ വിട്ടിരുന്നു. വിചാരണ പൂർത്തിയാക്കിയ ശേഷമാണ് മറ്റു രണ്ടു പ്രതികളെ വിട്ടയച്ചത്.തനിക്ക് കേസിൽ നേരിട്ടു വാദിക്കണമെന്ന് ബംഗളൂരു ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അനുവദിക്കുകയും നസീർ ഹൈക്കോടതിയിൽ എത്തുകയും ചെയ്തു. എന്നാൽ പിന്നീട് വാദം അഭിഭാഷകന് വക്കാലത്തു നൽകി. ജയിലിൽ വീഡിയോ കോൺഫറൻസിങ് അനുവദിക്കണമെന്ന നസീറിന്റെ ആവശ്യവും കോടതി അനുവദിച്ചിരുന്നു. 2009 വരെ കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിച്ചിരുന്നത്. പിന്നീട് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010-ൽ എൻഐഎ അന്വേഷണച്ചുമതല ഏറ്റെടുത്തു. 2011 ഓഗസ്റ്റിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നത്. രാജ്യസുരക്ഷയെ മുൻനിർത്തി രഹസ്യവിചാരണയാണ് കോടതിയിൽ നടന്നത്. ഇരട്ട സ്‌ഫോടനം ആസൂത്രണം ചെയ്തത് തീവ്രവാദി ആക്രമണമായിട്ടു മാത്രമേ കാണാൻ കഴിയൂ എന്നായിരുന്നു വിധി പറയവെ ജസ്റ്റിസ് എസ് വിജയകുമാർ നിരീക്ഷിച്ചിരുന്നത്.