വ്യവസായിയുടെ കൊലപാതകം: പൊലീസിന് സംശയം തുടങ്ങിയത് എ.ടി.എം ഇടപാടുകണ്ട്; പ്രതികളിലേക്ക് എത്തിയതിങ്ങനെ..
സിദ്ദീഖിന്‍റെ ഫോണ്‍ സ്വിച്ച് ഓഫായ ശേഷവും എ.ടി.എമ്മില്‍ നിന്ന് തുക പിന്‍വലിച്ചതായി കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദീഖ് കൊല്ലപ്പെട്ടെന്ന് പൊലീസ് കണ്ടെത്തിയത് എ.ടി.എം ഇടപാടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്. സിദ്ദീഖിന്‍റെ ഫോണ്‍ സ്വിച്ച് ഓഫായ ശേഷവും എ.ടി.എമ്മില്‍ നിന്ന് തുക പിന്‍വലിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദീഖിന്‍റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയും പെണ്‍സുഹൃത്ത് ഫര്‍ഹാനയുമാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയത്.
കോഴിക്കോട് ഒളവണ്ണയില്‍ ചിക്ക് ബേക്ക് എന്ന ഹോട്ടല്‍ നടത്തുകയായിരുന്നു തിരൂര്‍ സ്വദേശിയായ സിദ്ദീഖ്. ഇദ്ദേഹം കോഴിക്കോട് താമസിച്ചാണ് ഹോട്ടല്‍ നടത്തിയിരുന്നത്. പിതാവിനെ ഫോണില്‍ കിട്ടാതായതോടെയാണ് മകന്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.
സിദ്ദീഖിന്‍റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയും പെണ്‍സുഹൃത്ത് ഫര്‍ഹാനയും കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ചാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രതികൾ മൃതദേഹം ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചു. മൃതദേഹം കണ്ടെത്താന്‍ ഇന്ന് അട്ടപ്പാടി ചുരത്തില്‍ തെരച്ചില്‍ നടത്തും. എന്തിന് കൊലപാതകം നടത്തി, മൃതദേഹം ഉപേക്ഷിക്കാന്‍ പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് അന്വേഷണം നടത്തുക.