കോഴിക്കോട് ആദിവാസി യുവാവ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പട്ടികജാതി പട്ടികവർഗ കമ്മീഷൻ
പണവും മൊബൈലും മോഷ്ടിച്ചെന്നാരോപിച്ച് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു
കോഴിക്കോട്: മെഡിക്കൽ കോളജിൽ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പട്ടികജാതി പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മരിച്ച വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നെന്ന് സഹോദരങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. മൃതദേഹം തൂങ്ങി നിൽക്കുന്നത് ബന്ധുക്കളാരും കണ്ടിട്ടില്ലെന്നും പോസ്റ്റ്‍മോർട്ടം നടത്താൻ തങ്ങളാരും ഒപ്പിട്ടുകൊടുത്തിട്ടില്ലെന്നും സഹോദരൻ പറഞ്ഞു. തങ്ങളുടെ അനുവാദമില്ലാതെയാണ് പോസ്റ്റ്‍മോർട്ടം നടത്തിയതെന്നും വിശ്വനാഥന്റെ ശരീരത്തിൽ ഷർട്ട് ഉണ്ടായിരുന്നില്ലെന്നും സഹോദരങ്ങൾ മീഡിയവണിനോട് പറഞ്ഞു.
ഭാര്യയുടെ പ്രസവത്തിനായാണ് വയനാട്ടിൽ നിന്നും വിശ്വനാഥൻ മെഡിക്കൽ കോളജിലെത്തിയത് .ശനിയാഴ്ച പുലർച്ചെ മുതൽ വിശ്വനാഥനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൾ കോളജിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പണവും മൊബൈലും മോഷ്ടിച്ചെന്നാരോപിച്ച് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നെന്നും മറ്റൊരു പ്രശ്‌നവും വിശ്വനാഥനില്ലെന്നും ബന്ധുക്കൾ പറഞ്ഞു.മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് സങ്കടപ്പെട്ട വിശ്വനാഥൻ മതിൽ ചാടിക്കടന്ന് പുറത്തേക്ക് പോവുകയായിരുന്നെന്ന് ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നു .മോഷണം നടന്നെന്ന പരാതി വന്നപ്പോൾ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതാണെന്നും ഒന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും ആശുപത്രിയിലുള്ള പട്ടികവർഗ പ്രമോട്ടർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.