കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി അനിശ്ചിതത്തിലേക്ക്; ട്രേഡ് യൂണിയനുകളുമായി മന്ത്രി നടത്തിയ രണ്ടാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടു
സംയുക്ത പണിമുടക്കിലേക്ക് പോകുമെന്ന് ഭരണ-പ്രതിപക്ഷ യൂണിയനുകള്‍
തിരുവനന്തപുരം: കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി അനിശ്ചിതത്വത്തിലേക്ക്. ട്രേഡ് യൂണിയനുകളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നടത്തിയ രണ്ടാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. എതിര്‍പ്പ് മറികടന്ന് പദ്ധതിയിലെ നിലവിലെ വ്യവസ്ഥകളുമായി മുന്നോട്ട് പോയാല്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സംയുക്ത പണിമുടക്കിലേക്ക് പോകുമെന്നും നേതാക്കള്‍ അറിയിച്ചു.
ഈ മാസം 15നുള്ളില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ടെണ്ടര്‍ ഇവാലുവേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വര്‍ക്ക് ഓര്‍ഡര്‍ കൊടുക്കാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളും ഓഫീസര്‍ സംഘടനകളും ശക്തമായ എതിര്‍പ്പിലാണ്.
ട്രേഡ് യൂണിയനുകളുമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. അനുനയ നീക്കത്തിന് വാതില്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് രണ്ടാമത്തെ ചര്‍ച്ചക്ക് നേതാക്കളെ വിളിച്ചത്. സ്വകാര്യവത്കരണത്തിന് വഴിവെക്കുന്ന ടോട്ടക്സ് രീതി നടപ്പിലാക്കാതെ പൊതുമേഖല സ്ഥാപനത്തിന് പദ്ധതി നിര്‍വ്വഹണം നല്‍കണമെന്നാണ് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.
ധൃതി പിടിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയാല്‍ ഉപഭോക്താവിന് 150 മുതല്‍ 200 രൂപ വരെ വൈദ്യുത ബില്ലിനൊപ്പം മീറ്റര്‍ ചാര്‍ജായി ഈടാക്കേണ്ടി വരുമെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഐഎന്‍ടിയുസി പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരനും വാദിച്ചത്. കേന്ദ്ര ഗ്രാന്‍റടക്കം നഷ്ടപ്പെടുമെന്ന് മന്ത്രിയും കെഎസ്ഇബി ചെയര്‍മാനും ആവര്‍ത്തിച്ചെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല. വ്യവസ്ഥകളെല്ലാം നേരത്തെ കേന്ദ്ര സര്‍ക്കാരുമായി ഒപ്പിട്ടതാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം വരാതെ പദ്ധതിയില്‍ തൊടില്ലെന്നാണ് കെഎസ്ഇബി നിലപാട്.