കെ.എസ്.ആർ.ടി.സി ചർച്ച പരാജയം; വരുമാനത്തിനനുസരിച്ച് ശമ്പളം നൽകുമെന്ന് ആവർത്തിച്ച് കെഎസ്ആർടിസി മാനേജ്മെൻറ്

ഏപ്രില്‍ മുതല്‍ ശമ്പളയിനത്തില്‍ നല്‍കി വന്ന സര്‍ക്കാര്‍ സഹായം കുറയുമെന്ന് മാനേജ്മെന്റ് മൂന്ന് അംഗീകൃത യൂണിയനുകളെയും അറിയിച്ചു

Update: 2023-02-15 17:20 GMT
Advertising

തിരുവനന്തപുരം: വരുമാനത്തിനനുസരിച്ച് ശമ്പളം തീരുമാനം പിന്നോട്ട് പോകില്ലെന്ന് കെഎസ്ആർടിസി മാനേജ്മെൻറ്.തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. മാനേജ്മെന്റ് നീക്കം അംഗീകരിക്കാന്‍ ഭരണ -പ്രതിപക്ഷ സംഘടനകള്‍ തയ്യാറായില്ല. സര്‍ക്കാര്‍ നിര്‍ദേശമായതിനാല്‍ പിന്നോട്ട് പോകില്ലെന്ന് മാനേജ്മെന്റും നിലപാടെടുത്തു. ആലോചിച്ച് മറുപടി പറയാൻ മാനേജ്മെന്റ് യൂണിയനുകളോട് പറഞ്ഞെങ്കിലും ആലോചിക്കാൻ ഒന്നുമില്ലെന്നായിരുന്നു യൂണിയനുകളുടെ മറുപടി. മാനേജ്മെന്‍റ് നിലപാടിൽ പ്രതിഷേധിച്ച് ഈ മാസം 28 ന് ചീഫ് ഓഫീസിന് മുന്നിൽ സമരം ചെയ്യുമെന്ന് സിഐടിയു അറിയിച്ചു.

ഏപ്രില്‍ മുതല്‍ ശമ്പളയിനത്തില്‍ നല്‍കി വന്ന സര്‍ക്കാര്‍ സഹായം കുറയുമെന്ന് മാനേജ്മെന്റ് മൂന്ന് അംഗീകൃത യൂണിയനുകളെയും അറിയിച്ചു. ഓരോ ഡിപ്പോക്കും ടാര്‍ഗറ്റ് നല്‍കി അതുവഴി വരുമാന വര്‍ധനക്കാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. 100 ശതമാനം ലക്ഷ്യം കൈവരിച്ചാല്‍ അഞ്ചാം തീയതി ശമ്പളം ലഭിക്കും. ടാര്‍ഗറ്റ് കുറയുന്ന മുറക്ക് ശമ്പളവും കുറയും. ബാക്കിയുള്ള തുക കിട്ടാനും വൈകും. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു.

ദിവസം 8 കോടി വച്ച് മാസം 240 കോടി രൂപയാണ് വരുമാനമായി കെഎസ്ആര്‍ടിസി ലക്ഷ്യം വക്കുന്നത്. ഓഡിനറി ബസുകള്‍ ദിവസം 12, 752 രൂപ, ഫാസ്റ്റിന് 25,225, സൂപ്പര്‍ ഫാസ്റ്റിന് 46,345 രൂപ എന്നിങ്ങനെയാണ് ടാര്‍ഗറ്റ് നല്‍കുന്നത്. പരമാവധി ബസുകളോടിച്ച് വരുമാനം കണ്ടെത്തണം. തുടര്‍ ചര്‍ച്ചകളിലൂടെ തീരുമാനം നടപ്പിലാക്കാനാണ് മാനേജ്മെന്റ് നീക്കം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News