എം.വി ഗോവിന്ദന്റെ പ്രസ്താവനയോടെ 'തട്ടബോംബ്' ചീറ്റിപ്പോയി: കെ.ടി ജലീൽ
കമ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തി ലീഗിൽനിന്ന് പോകുന്നവർ വിശ്വാസപരിസരത്ത് നിന്നല്ല മുസ് ലിം ലീഗിന്റെ 'കപടവിശ്വാസ' പരിസരത്തുനിന്നാണ് പോകുന്നതെന്നും ജലീൽ പറഞ്ഞു.
കോഴിക്കോട്: കെ. അനിൽകുമാറിന്റെ ലിറ്റ്മസ് വേദിയിലെ പരാമർശങ്ങൾ തള്ളിയ എം.വി ഗോവിന്ദന്റെ പ്രസ്താവനയോടെ 'തട്ടബോംബ്' ചീറ്റിപ്പോയെന്ന് കെ.ടി ജലീൽ. എല്ലാ കാര്യത്തിലും വ്യക്തവും ശക്തവുമായ നിലപാടുള്ള പാർട്ടിയാണ് സി.പി.എം. അതുകൊണ്ടാണ് താനടക്കം ലക്ഷോപലക്ഷം വിശ്വാസികൾ സി.പി.എമ്മിനെ ഇഷ്ടപ്പെടുന്നതെന്നും ജലീൽ പറഞ്ഞു.
തട്ടമിടുന്ന കാര്യത്തിൽ ലീഗുകാർ ആദ്യം സ്വന്തം വീട്ടിലെ കാര്യം നോക്കണമെന്നും ജലീൽ പരിഹസിച്ചു. ലീഗിന്റെ ആജ്ഞാനുവർത്തികളായ പണ്ഡിതർ ലീഗ് നേതാക്കളെയാണ് ആദ്യം മതം പഠിപ്പിക്കേണ്ടത്. കമ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തി ലീഗിൽനിന്ന് പോകുന്നവർ വിശ്വാസപരിസരത്ത് നിന്നല്ല മുസ് ലിം ലീഗിന്റെ 'കപടവിശ്വാസ' പരിസരത്തുനിന്നാണ് പോകുന്നതെന്നും ജലീൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
"തട്ടബോംബ്" ചീറ്റിപ്പോയി!
എല്ലാ കാര്യത്തിലും വ്യക്തവും ശക്തവുമായ നിലപാടുള്ള പാർട്ടിയാണ് സി.പി.ഐ.(എം). അതുകൊണ്ടാണ് ഞാനടക്കമുള്ള ലക്ഷോപലക്ഷം വിശ്വാസികൾ സി.പി.ഐ.എമ്മിനെ ഇഷ്ടപ്പെടുന്നത്.
"വസ്ത്രം, ഭക്ഷണം, വിശ്വാസം ഇതൊക്കെ ഓരോരുത്തരുടെയും ജനാധിപത്യ അവകാശമാണ്. അവനവന് ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാം. തട്ടമിടലും ഇടാതിരിക്കലും ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. തട്ടമിടീക്കാനും തട്ടമൂരിപ്പിക്കാനും സി.പി.ഐ (എം) ഇല്ല". ഇതാണ് ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകളുടെ രത്നച്ചുരുക്കം.
ലീഗുകാർ അവരവരുടെ വീട്ടിലെ കാര്യം നോക്കുക. സ്വന്തം ഭാര്യമാരും പെൺമക്കളും തലയിൽ തട്ടമിട്ടാണോ നടക്കുന്നത് എന്ന് ആത്മപരിശോധന നടത്തുക. ലീഗിൻ്റെ ആജ്ഞാനുവർത്തികളായ പണ്ഡിതർ ലീഗ് നേതാക്കളെയാണ് ആദ്യം "ദീൻ" അഥവാ മതം പഠിപ്പിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ലീഗിൻ്റെ സെക്രട്ടേറിയേറ്റ് മെമ്പർമാരുടെ ഭാര്യമാരും പെൺമക്കളും "ഇസ്ലാമിക വേഷം" ധരിക്കുന്നവരാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുക.
കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തി ലീഗിൽ നിന്ന് പോകുന്നവർ വിശ്വാസപരിസരത്ത് നിന്നല്ല പോകുന്നത്. മുസ്ലിംലീഗിൻ്റെ "കപടവിശ്വാസ" പരിസരത്തു നിന്നാണ്.
വസ്സലാം - ലാൽസലാം