കെ.ടി ജലീലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു; പി.സി ജോർജും സ്വപ്ന സുരേഷും പ്രതികൾ
ഗൂഢാലോചന, കലാപശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീല്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പി സി ജോർജും സ്വപ്ന സുരേഷും കേസിൽ പ്രതികളാകും. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പരാതി അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിക്കും.
സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് സ്വപ്നയുടെ ആരോപണമെന്നും പി.സി ജോർജും സ്വപ്നയും തമ്മിൽ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.ടി ജലീല്‍ പരാതി നല്‍കിയത്. എന്നാല്‍, കെ.ടി ജലീലിന്‍റെ പരാതിയില്‍ കേസെടുക്കുന്നതില്‍ പൊലീസിന് ആശയക്കുഴപ്പമുണ്ടായിരുന്നു. എന്ത് കുറ്റകൃത്യത്തിലാണ് കേസെടുക്കേണ്ടെതെന്നതിലായിരുന്നു അവ്യക്തത. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കുറ്റങ്ങൾ പരാതിയിലില്ല. അപകീർത്തിയിൽ സാധാരണ നിയമ നടപടി കോടതിയിലാണ് സ്വീകരിക്കുന്നത്. ഇതോടെ മേൽ ഉദ്യോഗസ്ഥരോട് ചർച്ച ചെയ്ത ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.