നേതൃത്വം ഇടപെട്ടു: കുട്ടനാട് സിപിഎമ്മിലെ പ്രതിസന്ധിക്ക് താല്ക്കാലിക പരിഹാരം
പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന സംസ്ഥാന നേത്യത്വത്തിന്റെ ഉറപ്പോടെ പ്രശ്‌നങ്ങൾക്ക് താത്കാലിക പരിഹാരമായിട്ടുണ്ട്
ആലപ്പുഴ: കുട്ടനാട് സിപിഎമ്മിലെ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം. സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയിൽ തർക്കം ഒത്തുതീർന്നു. സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലും നേതൃത്വം ഇടപെട്ടു.
കുട്ടനാട് ഏരിയ നേതൃത്വവുമായുള്ള ഭിന്നത മൂലം മുന്നൂറോളം പ്രവർത്തകർ പാർട്ടി വിടുന്നെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ കത്ത് നൽകിയിരുന്നു. ഔദ്യോഗിക വിഭാഗം എതിർ ചേരിയിലെ നേതാക്കളെ ഒഴിവാക്കുന്നു എന്നായിരുന്നു പരാതി. പിന്നാലെ പ്രശ്‌നപരിഹാരത്തിന് നേതൃത്വം ഇടപെട്ട്, ചർച്ചകൾ തുടരുന്നതിനിടെ രാമങ്കരിയിൽ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്തു.
വിഭാഗീയത രൂക്ഷമായതോടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ പങ്കെടുത്ത് ഏരിയ കമ്മിറ്റി യോഗം ചേർന്നു. മാസങ്ങളായി വിട്ടു നിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങൾ യോഗത്തിനെത്തി. പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന സംസ്ഥാന നേത്യത്വത്തിന്റെ ഉറപ്പോടെ പ്രശ്‌നങ്ങൾക്ക് താത്കാലിക പരിഹാരമായിട്ടുണ്ട്.
പാർട്ടിയും, ബഹുജന സംഘടനകളും വിട്ടു പോകുമെന്ന് പറഞ്ഞവരെ ചേർത്ത് നിർത്താനാണ് നിർദേശം. രാമങ്കരിയിൽ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സംസ്ഥാന നേതൃത്വം പ്രാദേശിക നേതാക്കളെ താക്കീത് ചെയ്തു. ആവർത്തിക്കരുതെന്നാണ് മുന്നറിയിപ്പ്.
അതേസമയം, സംഘർഷത്തിൽ മുഴുവൻ പ്രതികളെയും പിടികൂടാത്തതിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. തർക്കങ്ങൾക്ക് താത്ക്കാലിക പരിഹാരമായെങ്കിലും ഈ വിഷയം അടുത്ത നേതൃയോഗങ്ങളിൽ ഉയരാനാണ് സാധ്യത.