ഭൂനിയമ ഭേദഗതി ബില്ലിനെതിരെ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് എൽ.ഡി.എഫ് ഇടുക്കി ജില്ലാ നേതൃത്വം
രാഷ്ട്രീയ താൽപര്യങ്ങളുള്ള ഗവർണർ ഇക്കാര്യത്തിൽ മുതലെടുപ്പ് നടത്തുമെന്നാണ് ആരോപണം
ഇടുക്കി: നിയമസഭ പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിനെതിരെ ഗവർണർക്ക് പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് എൽ.ഡി.എഫ് ഇടുക്കി ജില്ലാ നേതൃത്വം. രാഷ്ട്രീയ താൽപര്യങ്ങളുള്ള ഗവർണർ ഇക്കാര്യത്തിൽ മുതലെടുപ്പ് നടത്തുമെന്നാണ് ആരോപണം. ഭരണഘടനാ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലാന്‍റ് ഫ്രീഡം മൂവ്മെന്‍റാണ് ഗവർണർക്ക് പരാതി നൽകിയത്.
ഭൂനിയമ ഭേദഗതി ബില്ലിലൂടെ ധന സമ്പാദനമാണ് സർക്കാർ ലക്ഷ്യമെന്നും 1964 ലെ ചട്ടം ഭേദഗതി ചെയ്ത് ലളിതമായി പരിഹരിക്കേണ്ട പ്രശ്നം നിയമ ഭേദഗതിയിലൂടെ സങ്കീർണ്ണമാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ലാന്‍റ് ഫ്രീഡം മൂവ്മെന്‍റ് ഗവർണറെ സമീപിച്ചത്. ചട്ടം രൂപീകരിക്കാനിരിക്കെ അരാഷ്ട്രീയ സംഘടനകൾ നടത്തുന്ന നീക്കത്തിൽ ദുരൂഹതയുണ്ടെന്നും കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഗവർണ്ണർ രാഷ്ട്രീയം കളിക്കുമെന്നുമാണ് എൽ.ഡി.എഫ് ആരോപണം.
ഭൂനിയമ ഭേദഗതി ബിൽ നിയമസഭയിൽ ഏകകണ്ഠമായി പാസാക്കിയിട്ടും കർഷക വിരുദ്ധ നിലപാടുകളാണ് ജില്ലയിലെ യു.ഡി.എഫ് സ്വീകരിക്കുന്നതന്നും എൽ.ഡി.എഫ് നേതൃത്വം കുറ്റപ്പെടുത്തി. നിയമ ഭേദഗതിയിലൂടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും വിഷയത്തിൽ ഗവർണർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.