എൽ.ഡി.എഫ്, യു.ഡി.എഫ് സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന്
അടുത്ത തിങ്കളാഴ്ച കർഷകർ പ്രഖ്യാപിച്ച ദേശീയ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഇടത് മുന്നണി യോഗം ചേരുന്നത്
എൽ.ഡി.എഫ്, യു.ഡി.എഫ് സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. അടുത്ത തിങ്കളാഴ്ച കർഷകർ പ്രഖ്യാപിച്ച ദേശീയ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഇടത് മുന്നണി യോഗം ചേരുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാനാണ് യു.ഡി.എഫ് യോഗം.
ഈ മാസം 27ന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് പിന്തുണ അറിയിക്കാനാണ് ഇടത് മുന്നണി യോഗം ചേരുന്നത്. ഇതിന്‍റെ ഒരുക്കങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ഇടത് പിന്തുണ കൂടി വരുന്നതോടെ തിങ്കളാഴ്ച കേരളത്തിൽ ഹർത്താലായി മാറും. പാലാ ബിഷപ്പ് തുടങ്ങി വെച്ച നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.ഐയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യവും ചിലപ്പോൾ ചർച്ചക്ക് വന്നേക്കാം.
സി.പി.ഐ കേരള കോണ്‍ഗ്രസ് എം തര്‍ക്കം മുന്നണിക്ക് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ മുന്നണി യോഗത്തില്‍ കാര്യമായ ചര്‍ച്ച നടക്കാന്‍ സാധ്യതയില്ല. അതേ സമയം നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം പരിശോധിക്കാൻ യു.ഡി.എഫ് യോഗവും ഇന്ന് ചേരുന്നുണ്ട്. വോട്ട് ചോർച്ചയുണ്ടായ മണ്ഡലങ്ങളിൽ നേതാക്കൾക്കെതിരെ കടുത്ത നടപടി എടുക്കുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും.
കോൺഗ്രസിനൊപ്പം വിവിധ പാർട്ടികളുടെ അന്വേഷണ റിപ്പോർട്ടുകൾ യോഗം വിശകലനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള രണ്ടാംഘട്ട പ്രക്ഷോഭത്തിന് രൂപം നൽകും. കെ റെയിൽ പദ്ധതിയിൽ ഉപസമിതിയുടെ റിപ്പോർട്ട് വിശകലനം ചെയ്യും. നാർക്കോട്ടിക് ജിഹാദ് പരാമർശവും യോഗത്തിൽ ചർച്ചക്ക് വന്നേക്കും.