നിലപാട് പറയുമ്പോൾ നേതാക്കൾക്ക് ആശയക്കുഴപ്പം ഉണ്ടാകരുത്: സാദിഖലി ശിഹാബ് തങ്ങൾ
'അഭിപ്രായങ്ങൾ വ്യാഖ്യാനങ്ങൾക്ക് ഇട നൽകുന്ന തരത്തിലാവരുത്'
Update: 2022-10-05 07:58 GMT
മലപ്പുറം: പാർട്ടി നിലപാട് പറയുമ്പോൾ നേതാക്കൾക്ക് ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. നേതാക്കൾ പാർട്ടിയുടെ നിലപാട് വ്യക്തമാക്കുന്നത് ഏക സ്വരത്തിലായിരിക്കണം. അഭിപ്രായങ്ങൾ വ്യാഖ്യാനങ്ങൾക്ക് ഇട നൽകുന്ന തരത്തിലാവരുതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അണികൾ തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാവരുത്. പ്രവർത്തകരെ വേദനിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുത്. സംഘടനയ്ക്കുള്ളിൽ ഐക്യമുണ്ടാവണമെന്നും സാദിഖലി തങ്ങൾ മുസ്‍ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ പറഞ്ഞു.
പാർട്ടി നിയോഗിച്ച ഉപസമിതി തയ്യാറാക്കിയ ഭരണഘടനാ ഭേദഗതികൾക്ക് അംഗീകാരം നൽകാനാണ് സംസ്ഥാന കൗൺസിൽ ചേരുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട പാർട്ടി നിലപാടും, കെ എം ഷാജി വിവാദവും യോഗം ചർച്ച ചെയ്‌തേക്കും.