അജിത് കുമാറിനെതിരെ അന്വേഷണം നടക്കട്ടെ, എന്നിട്ട് തീരുമാനിക്കാം; എൽഡിഎഫ് യോഗത്തിലും വിശ്വസ്തനെ സംരക്ഷിച്ച് മുഖ്യമന്ത്രി

അജിത് കുമാറിനെ മാറ്റണമെന്ന നിലപാട് ഘടക കക്ഷികള്‍ ആവർത്തിച്ചെങ്കിലും ചെവിക്കൊണ്ടില്ല

Update: 2024-09-11 12:03 GMT
Advertising

തിരുവനന്തപുരം: ഘടകക്ഷികളിൽ നിന്നും ‌സിപിഎമ്മിൽ നിന്നും കടുത്ത സമ്മർദം ഉയർന്നിട്ടും എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടിയെടുത്തില്ല. അജിത് കുമാറിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ അന്വേഷണം കഴിയുന്നതുവരെ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനം. തിരുവനന്തപുരത്ത് നടന്ന എൽഡിഫ് യോ​ഗത്തിലാണ് തീരുമാനമായത്.

അതേസമയം അജിത് കുമാറിനെതിരെ സ്ഥാനങ്ങളിൽ നി‌ന്ന് മാറ്റണമെന്ന നിലപാടിൽ പ്രധാന ഘടക കക്ഷികളായ സിപിഐയും ആർജെഡിയും എൻസിപിയും ഉറച്ചു നിന്നു. അജിത്തിനെ മാറ്റണമെന്ന സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോ​ഗത്തിൽ ഉറപ്പു നൽകി. ആർജെഡിയാണ് വിഷയം ചർച്ച ചെയ്യണമെന്ന് യോ​ഗത്തിൽ ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐയും നിലപാട് വ്യക്തമാക്കി. അജിത് കുമാറിന്റേത് അതീവ ​ഗുരുതര സ്വഭാവമുള്ള വിഷയമായിട്ടും അജണ്ടയിൽ ഉൾപ്പെടുത്താതിരുന്നത് കക്ഷികൾക്കിടയിൽ അതൃപ്തിയുണ്ടാക്കി.

എൽഡിഎഫ് യോ​ഗം ആരംഭിക്കുന്നതിനു തൊട്ടു മുമ്പും സിപിഐ നിലപാട് കടുപ്പിച്ചിരുന്നു. അജിത് കുമാറിനെതിരെ നടപടി വേണമെന്ന നിലപാട് മുന്നണി യോഗത്തിന് മുൻപ് എം.വി ഗോവിന്ദനെ ബിനോയ്‌ വിശ്വം അറിയിച്ചിരുന്നു. 

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദർശനം ആണെന്നായിരുന്നു വിശദീകരണം. ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം. ആർ അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്ത ദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. എം. ആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് വെളിപ്പെടുത്തിയത്.

 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News